ജയ്പൂർ : കേസന്വേഷണത്തിനായി രാജസ്ഥാനിൽ എത്തിയ കേരള പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതികൾ വെടിയുതിർത്തു. രാജസ്ഥാനിലെ അജ്മീറിൽ ആണ് സംഭവം. ആലുവ, കുട്ടമശ്ശേരി ഭാഗങ്ങളിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് കേരള പോലീസ് അജ്മീറിൽ എത്തിയിരുന്നത്. പ്രതികളെ പിടികൂടാനായി എത്തിയ ആലുവ എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡിന് നേരെയാണ് പ്രതികൾ വെടിവെച്ചത്.
ആലുവയിലും മറ്റും മോഷണങ്ങൾ നടത്തിയ ഷെഹസാദ്, സാജിദ് എന്നീ പ്രതികളെ പിടികൂടാൻ ആയാണ് ആലുവ എസ്പിയുടെ സ്പെഷ്യൽ സ്ക്വാഡ് ഇവിടെ എത്തിയത്. ഇവർ തന്നെയാണ് പോലീസിന് നേരെ വെടിവെപ്പ് നടത്തിയത്. ഒടുവിൽ മൂന്ന് മണിക്കൂർ നീണ്ട കഠിന ശ്രമത്തിനൊടുവിൽ പ്രതികളെ കേരള പോലീസ് കീഴടക്കി. അറസ്റ്റിലായ ഷെഹ്സാദും സാജിദും ജാർഖണ്ഡ് സ്വദേശികളാണ്.
വെടിവെപ്പിൽ പോലീസുകാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. പ്രതികളിൽ നിന്നും ലൈസൻസ് ഇല്ലാത്ത തോക്കുകളും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. ആലുവ റൂറൽ പോലീസ് പരിധിയിലുള്ള ഉദ്യോഗസ്ഥരാണ് സ്പെഷ്യൽ സ്ക്വാഡിൽ ഉണ്ടായിരുന്നത്. അജ്മീർ പോലീസിന്റെ സഹായത്തോടുകൂടിയായിരുന്നു ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ആലുവയിലേക്ക് കൊണ്ടുവരുന്നതാണ്.
Discussion about this post