ഗാന്ധിനഗർ: ഇന്ത്യയുടെ വികസന യാത്രയിലെ അത്ഭുതകരമായ കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ ഏറ്റവും അവസാനത്തെ വ്യക്തിയുടെ പോലും ജീവിതം മാറ്റി മറിയ്ക്കുക എന്നതാണ് മോദിയുടെ ഗ്യാരണ്ടി. രാജ്യം ഇന്ന് വികസനത്തിലേക്കുള്ള കുതിപ്പിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെ പോലും ജീവിതം മാറ്റിമറിയ്ക്കുക എന്നതാണ് മോദിയുടെ ഗ്യാരണ്ടി. അതിനാൽ തന്നെ രാജ്യത്തിന്റെ ഒരു ഭാഗത്ത് ക്ഷേത്രം നിർമ്മിക്കപ്പെടുമ്പോൾ മറുഭാഗത്ത് കോടിക്കണക്കിന് പാവപ്പെട്ടവർക്ക് വീടും നിർമ്മിച്ചു നൽകുന്നു. ഏവരുടെയുമൊപ്പം ഏവരുടെയും വികാസം എന്ന മന്ത്രത്തിലൂടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്.
പുതിയ ഇന്ത്യയിലെ ഓരോ പരിശ്രമങ്ങളും ഭാവി തലമുറയ്ക്കായുള്ള പാരമ്പര്യമായി മാറുകയാണ്. ഇന്ന് രാജ്യത്ത് നിർമ്മിക്കുന്ന ഓരോ ആധുനിക റോഡുകളും റെയിൽ വേ ട്രാക്കുകളുമെല്ലാം വികസിത ഇന്ത്യയിലേക്കുള്ള പാതയാണ്’- പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് അടുത്തിടെ നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളെ കുറിച്ചും പ്രധാനമന്ത്രി വാചാലനായി. കൃത്യം ഒരു മാസം മുൻപ് താൻ അയോദ്ധ്യയിൽ രാമന്റെ പാദങ്ങളിൽ ആയിരുന്നു. അന്ന് രാംലല്ലയുടെ പ്രാണപ്രതിഷ്ഠക്ക് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ചു. അതിന് ശേഷം ഫെബ്രുവരി 14ന് അബുദാബിയിൽ ആദ്യ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ കൽക്കി ധാമിന് അടിത്തറയിട്ടു. ഇന്ന് വാലിനാഥ് മഹാദേവ ക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാനും ഭാഗ്യം സിദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തൊക്കെയാണോ മോദി ഉറപ്പ് നൽകുന്നത്, അതെല്ലാം മോദി നിറവേറ്റും. ദീസ റൺവേ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. അതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post