മലപ്പുറം : കാട്ടുപന്നിയെ വേട്ടയാടാൻ എത്തിയ യുവാവ് വേട്ടയ്ക്കിടയിൽ പന്നിയോടൊപ്പം കിണറ്റിലേക്ക് വീണു. മലപ്പുറം കാളികാവിൽ ആണ് സംഭവം നടന്നത്. നാട്ടിലിറങ്ങിയ പന്നികളെ വെടിവെച്ച് പിടികൂടുന്ന ദൗത്യത്തിന് എത്തിയ വേട്ടക്കാരൻ ആണ് പന്നിയോടൊപ്പം കിണറ്റിൽ വീണത്. വേട്ടയ്ക്കിടയിൽ പന്നി ഇയാളെ കിണറ്റിലേക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
നാട്ടിലിറങ്ങി കൃഷികൾ നശിപ്പിക്കുന്ന പന്നികളെ വേട്ടയാടാൻ ഗ്രാമപഞ്ചായത്ത് അനുമതിയോടെ എത്തിയ വേട്ട സംഘത്തിൽ പെട്ടയാളാണ് അപകടത്തിൽപ്പെട്ടത്. പെരിന്തൽമണ്ണ സ്വദേശിയായ താമത്ത് അയ്യപ്പൻ ആണ് പന്നി ഇടിച്ചു വീഴ്ത്തിയതിനെ തുടർന്ന് കിണറ്റിൽ വീണത്. ഒടുവിൽ കൂടെയുണ്ടായിരുന്ന വേട്ട സംഘാംഗങ്ങൾ അതിസാഹസികമായാണ് അയ്യപ്പനെ കിണറ്റിൽ നിന്നും രക്ഷിച്ച് കരയ്ക്ക് കയറ്റിയത്.
കൃഷികൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടുന്നതിനായി വന്ന വേട്ട സംഘത്തിലെ തെളിക്കാരനാണ് അയ്യപ്പൻ. കാട്ടിനുള്ളിൽ മറഞ്ഞിരിക്കുന്ന പന്നികളെ പുറത്ത് ചാടിക്കുക എന്നുള്ളതാണ് തെളിക്കാരുടെ ദൗത്യം. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ മോരം പാടത്തെ കാവിൽ വച്ചാണ് വലിയൊരു കാട്ടുപന്നിയെ അയ്യപ്പൻ കണ്ടെത്തിയത്. തുടർന്ന് പന്നിയെ പുറത്തേക്ക് തെളിക്കുന്നതിനിടയിലാണ് പന്നി അയ്യപ്പന് നേരെ പാഞ്ഞെടുത്ത് സമീപത്തുണ്ടായിരുന്ന കിണറ്റിലേക്ക് കുത്തി വീഴ്ത്തിയത്. തൊട്ടുപിന്നാലെ തന്നെ പന്നിയും കിണറ്റിലേക്ക് വീഴുകയായിരുന്നു.
കിണറ്റിൽ വച്ചും പന്നി അയ്യപ്പനെ ആക്രമിക്കാൻ മുതിർന്നെങ്കിലും വെള്ളത്തിൽ മുങ്ങിയും പൊങ്ങിയുമായി അയ്യപ്പൻ പിടിച്ചുനിൽക്കുകയായിരുന്നു. തുടർന്ന് വേട്ട സംഘത്തിൽ ഉണ്ടായിരുന്ന ഷൂട്ടർ ദിലീപ് അയ്യപ്പനോട് വെള്ളത്തിന്റെ താഴ്ച്ചയിലേക്ക് മുങ്ങാൻ നിർദ്ദേശിച്ച ശേഷം ഉന്നം പിഴയ്ക്കാതെ പന്നിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് അയ്യപ്പനെയും പന്നിയെയും കിണറ്റിൽ നിന്നും കരയ്ക്ക് എത്തിച്ചു. 100 കിലോ തൂക്കമുള്ള പന്നിയെയാണ് സംഘം വെടിവെച്ചത്. ഈ മേഖലയിൽ നിന്നും മറ്റ് 11 കാട്ടുപന്നികളെ കൂടി വേട്ടസംഘം പിടികൂടി.
Discussion about this post