ചെന്നൈ: തമിഴ് ചിത്രം വേട്ടെക്കാരനിലൂടെ പ്രേഷകർക്ക് സുപരിചിതനായതാണ് ദളപതി വിജയിയുടെ മകൻ ജെയ്സൺ സഞ്ജയ് . അച്ഛൻ സിനിമ ലോകത്ത് നിന്ന് ഒരു ഇടവേള എടുക്കുമ്പോൾ മകൻ ആ രംഗത്തേക്ക് കടക്കുകയാണ്. ജെയ്സൺ സംവിധാന രംഗത്തേക്ക് കടക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയിട്ട് കുറച്ചേറെ കാലമായി. ബിഗ് സ്‌ക്രീനിൽ എത്താൻ ഒരുങ്ങുന്നുവെന്ന വാർത്ത വളരെ കൗതുകത്തോടെയാണ് തമിഴകം കേട്ടത്. നടനായി ദളപതിയുടെ മകൻ അരങ്ങേറും എന്നാണ് തമിഴ് സിനിമ ലോകം കരുതിയതെങ്കിലും സംവിധായകനായാണ് ജയ്‌സൺ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. ചിത്രത്തിൻറെ മറ്റ് അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയായിരുന്നു സിനിമ ലോകം. എന്നാൽ ഇപ്പോഴിതാ താരപുത്രന്റെ ആദ്യ സിനിമയിലെ നായകനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
ലൈക്ക പ്രൊഡക്ഷൻസാണ് ജെയ്‌സണിന്റെ കന്നിചിത്രത്തിന്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടുവെന്ന് ലൈക്ക കഴിഞ്ഞ ഓഗസ്റ്റിൽ അറിയിച്ചിരുന്നു. ചിത്രത്തിൽ നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായി എത്തും എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന വിവരം. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ നായകനാവുന്നത് നടൻ ദുൽഖർ സൽമാൻ ആണ് . ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വരും എന്നാണ് പ്രേക്ഷകർ പ്രതിക്ഷിക്കുന്നത്.
ടൊറന്റോ ഫിലിം സ്‌കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷനിൽ ബിരുദം നേടിയതിനുശേഷമാണ് ജെയ്‌സൺ സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. ലണ്ടനിൽ നിന്ന് തിരക്കഥ രചനയിൽ ബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. മകന്റെ സിനിമ രംഗത്തേക്കുള്ള കടന്നുവരവിനെ കുറിച്ച് വിജയ് ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. സിനിമ ലോകത്തെ പലരും ജെയ്‌സൺ സഞ്ജയിയെ അഭിനന്ദിച്ചപ്പോൾ വിജയ് അതും ചെയ്തില്ലെന്നാണ് വിവരം. അതേ സമയം ലണ്ടനിലുള്ള വിജയിയുടെ അമ്മാവൻ വഴിയാണ് ലൈക്കയുമായി ജേസൺ സഞ്ജയ് കരാറിൽ എത്തിയതെന്നും, ഇത്തരം പദ്ധതിയുടെ കാര്യം വിജയ് അറിഞ്ഞില്ലെന്നും ഒരു ഗോസിപ്പ് കോളിവുഡിലുണ്ട്.
Discussion about this post