പത്തനംതിട്ട : പത്തനംതിട്ട തിരുവല്ലയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാനില്ലെന്ന് പരാതി. സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ പുറത്തറിയിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ തിരുവല്ല പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. തിരുവല്ല മാർത്തോമ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനിയെയാണ് കാണാതായത്. കാവുംഭാഗം സ്വദേശിനിയാണ് കാണാതായ വിദ്യാർത്ഥിനി.
പരീക്ഷയ്ക്കായാണ് വിദ്യാർത്ഥിനി ഇന്ന് സ്കൂളിൽ പോയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെയാണ് ബന്ധുക്കൾ അന്വേഷണം തുടങ്ങിയത്.സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ വിദ്യാർത്ഥിനി ഇന്ന് സ്കൂളിലെത്തിയിട്ടില്ലെന്നും പരീക്ഷ എഴുതിയിട്ടില്ലെന്നുമാണ് വിവരം ലഭിച്ചത്.
സിസിടിവി കേന്ദ്രീകരിച്ചാണ് പോലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൽ ചില സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. രണ്ട് യുവാക്കളുമായി പെൺകുട്ടി സംസാരിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ ആലപ്പുഴ പോലിസിൻറെ കൂടി സഹായത്തോടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
Discussion about this post