തിരുവനന്തപുരം: പതിവ് തെറ്റിയ്ക്കാതെ ഇക്കുറിയും കുടുംബത്തോടൊപ്പം ആറ്റുകാൽ പൊങ്കാല ആഘോഷിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ശാസ്തമംഗത്തെ വീട്ടിൽ പൊങ്കാല അടുപ്പുകൂട്ടി നിവേദ്യം തയ്യാറാക്കി. എന്ത് തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച് പൊങ്കാല ദിവസം വീട്ടിൽ എത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ആറ്റുകാൽ പൊങ്കാല ആചാരമാണ്. എല്ലാവർഷവും പൊങ്കാലയിൽ പങ്കെടുക്കാൻ കഴിയുന്നുവെന്നത് അനുഗ്രഹമായി കാണുന്നു. രാധികയും, അമ്മയും, പെൺമക്കളുമെല്ലാം പൊങ്കാലയിടുമ്പോൾ കോവിലനായി അടുത്ത് വന്നിരിക്കാൻ കഴിയുക എന്നത് സന്തോഷം നൽകുന്നകാര്യമാണ്. എല്ലാവർഷവും എന്ത് തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവച്ച് വീട്ടിലെത്തും. തുടർന്നുള്ള വർഷങ്ങളിലും ഇതിനുള്ള ഭാഗ്യം ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മകളുടെ വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ പൊങ്കാലയാണെന്ന് രാധിക പറഞ്ഞു. മകളുടെ വീട്ടിലും അവർ പൊങ്കാല ആഘോഷിക്കുന്നുണ്ട്. കുറച്ച് വർഷങ്ങളായി വീട്ടിൽ തന്നെയാണ് പൊങ്കാല. വരും വർഷങ്ങളിലും പൊങ്കാലയിടണമെന്നാണ് ആഗ്രഹം എന്നും രാധിക കൂട്ടിച്ചേർത്തു. അതേസമയം ഇരുവരും പൊങ്കാലയിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post