തിരുവനന്തപുരം : റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂരിൽ ആണ് സംഭവം. റിട്ടയേഡ് അദ്ധ്യാപികയായ പോളച്ചിറ സ്വദേശിനി സുമതി എന്ന 80 വയസ്സുകാരിയാണ് മരിച്ചത്. മരിച്ച വയോധികയുടെ വീടിനു സമീപത്തു നിന്നും 500 മീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ റബ്ബർ തോട്ടത്തിൽ തീ പടർന്നത് കണ്ട് സമീപവാസികൾ തീ കെടുത്തിയിരുന്നു. എന്നാൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കിടക്കുന്നത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. വൈകിട്ട് അഞ്ചരയോടെ സമീപവാസിയായ സ്ത്രീ വയോധികയുടെ വീട്ടിൽ പൊങ്കാല പ്രസാദം നൽകാൻ എത്തിയപ്പോഴാണ് ഇവരെ കാണാനില്ലെന്ന് മനസ്സിലാക്കിയത്.
തുടർന്ന് സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് വീടിന് 500 മീറ്റർ അകലെ റബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കിളിമാനൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വയോധികയുടെ മൃതദേഹം കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേക്ക് മാറ്റി.
Discussion about this post