ദിസ്പൂർ: താൻ ജീവിച്ചിരിക്കുന്നിടത്തോളം അസമിൽ ശൈശവ വിവഹങ്ങൾ അനുവദിക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. 1935ലെ മുസ്ലീം വിവാഹ നിയമം, വിവാഹ മോചന രജിസ്‌ട്രേഷൻ നിയമം എന്നിവ റദ്ദാക്കിയതിനെ തുടർന്നുള്ള വിവാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ നിയമം റദ്ദാക്കിയതിലൂടെ സംസ്ഥാനത്തെ മുസ്ലീം സ്ത്രീകൾക്ക് പീഡനത്തിൽ നിന്നും മോചനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എല്ലാവരും ശ്രദ്ധയോടെ കേൾക്കൂ, ഞാൻ, ഹിമന്ത ബിശ്വ ശർമ ജീവനോടെയിരിക്കുന്നിടത്തോളം അസമിൽ ശൈശവ വിവാഹം നടക്കാൻ അനുവദിക്കില്ല. 2026 ന് മുൻപ് മുസ്ലീം സമൂഹത്തിലെ പെൺമക്കളുടെ ജീവിതം ഇല്ലാതാക്കാൻ നിങ്ങൾ തുറന്ന് വച്ചിരിക്കുന്ന കടകളെല്ലാം ഞാൻ പൂട്ടും’- ഹിമന്ത ബിശ്വ ശർമ നിയമസഭയിൽ പ്രതിജ്ഞയെടുത്തു.
മുസ്ലീം വിവാഹ, വിവാഹ മോചന രജിസ്‌ട്രേഷൻ നിയമം റദ്ദാക്കിയതിലൂടെ സംസ്ഥാനത്ത് മുസ്ലീം സ്ത്രീകൾ നേരിടുന്ന പീഡനത്തിനും ചൂഷണത്തിനും അവസാനമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നടപടി ശൈശവ വിവാഹങ്ങളെ പൂർണമായി ഇല്ലായ്മ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിയമം റദ്ദാക്കിയതോടെ സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം രജിസ്റ്റർ ചെയ്യാനാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ശൈശവ വിവാഹത്തിനെതിരെ സംസ്ഥാന സർക്കാർ മറ്റൊരു സുപ്രധാന ചുവട് വയ്പ്പ് കൂടി വയ്ക്കും. 2026ന് മുൻപ് ശൈശവ വിവാഹം പൂർണമായും സംസ്ഥാനത്ത് നിന്നും തുടച്ചുനീക്കുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
Discussion about this post