ഇടുക്കി : മൂന്നാറിൽ കന്നിമല എസ്റ്റേറ്റ് പരിസരത്ത് കാട്ടാനയുടെ ആക്രമണം. ഫാക്ടറി തൊഴിലാളിയായ യുവാവിന് ആനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. കന്നിമല എസ്റ്റേറ്റ് സ്വദേശിയായ മണി എന്ന 45 വയസ്സുകാരനെയാണ് ആന കൊലപ്പെടുത്തിയത്.
ഓട്ടോയിൽ വരികയായിരുന്ന മണിയെ ഓട്ടോ കുത്തി മറിച്ചിട്ട ശേഷമാണ് ആന കൊലപ്പെടുത്തിയത്. കന്നിമല എസ്റ്റേറ്റ് ഫാക്ടറിയിൽ ജോലി ചെയ്തു വരികയായിരുന്ന മണി കൂടെയുള്ള തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് ആയിരുന്നു ആന ആക്രമിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്നാട് സ്വദേശിയെ ചവിട്ടിക്കൊന്ന അതേ ആന തന്നെയാണ് ആക്രമണം നടത്തിയത് എന്നാണ് പ്രദേശവാസികൾ പറയുന്നത്.
മണിയും തൊഴിലാളികളും കൂടെ ഓട്ടോയിൽ വരുന്ന സമയത്താണ് അപ്രതീക്ഷിതമായി ആന റോഡിലേക്ക് എത്തി ഓട്ടോ കുത്തിമറിച്ചിട്ടത്. ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ ആന തുമ്പിക്കൈ കൊണ്ട് തൂക്കിയെടുത്ത ശേഷം ചുഴറ്റി എറിയുകയായിരുന്നു. ഏറിൽ തലയ്ക്ക് പരിക്കേറ്റ മണി തൽക്ഷണം മരിക്കുകയായിരുന്നു. മണിയോടൊപ്പം ഓട്ടോയിൽ ഉണ്ടായിരുന്ന നാലുപേരിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post