മലപ്പുറം : സ്കൂൾ ഫെയർവെൽ ഡേ ആഘോഷിക്കാനായി വാഹനങ്ങളുമായെത്തി വിദ്യാർത്ഥികൾ. മലപ്പുറം തിരുനാവായയിലാണ് സംഭവം നടന്നത്. വാഹനങ്ങളുമായി സ്കൂളിൽ എത്തിയത് കൂടാതെ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനവും വിദ്യാർത്ഥികൾ നടത്തി. തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലാണ് വിദ്യാർത്ഥികളുടെ വാഹനങ്ങളിലുള്ള അഭ്യാസപ്രകടനം നടന്നത്.
എന്നാൽ അഭ്യാസങ്ങൾ അധികം നീണ്ടില്ല. തൊട്ടുപിന്നാലെ തന്നെ മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി. പിന്നാലെ വാഹനങ്ങളുമായി എത്തിയ വിദ്യാർത്ഥികൾക്ക് കിട്ടിയത് മുട്ടൻ പണിയാണ്. വിദ്യാർത്ഥികൾ സ്കൂളിലേക്ക് കൊണ്ടുവന്ന എല്ലാ വാഹനങ്ങളും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. വാഹന ഉടമകളിൽ നിന്നും വൻ തുക പിഴയും എം വി ഡി ഈടാക്കിയിട്ടുണ്ട്.
സ്കൂൾ സെന്റ് ഓഫ് പരിപാടിക്കിടയിൽ സ്കൂൾ അധികൃതരുടെ അനുവാദമില്ലാതെ ആയിരുന്നു ഏതാനും വിദ്യാർത്ഥികൾ വാഹനവുമായി സ്കൂൾ കോമ്പൗണ്ടിൽ കയറിയത്. ബൈക്കും കാറും ഒക്കെയായി അഭ്യാസങ്ങൾ നടത്തി വിദ്യാർത്ഥികൾ ആഘോഷം അതിരുവിട്ടതോടെ വിവരമറിഞ്ഞ് മോട്ടോർ വാഹന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയായിരുന്നു. അഞ്ചു വാഹനങ്ങൾ ആണ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. ഈ വാഹനങ്ങളുടെ ഉടമസ്ഥരിൽ നിന്നും 38,000 രൂപ പിഴയായും ഈടാക്കി.
Discussion about this post