ചെന്നൈ: തമിഴ്‌നാട് സർക്കാരിന്റെ പത്രപരസ്യത്തിൽ ചൈനീസ് റോക്കറ്റ് പ്രദർശിപ്പിച്ച സംഭവത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് പ്രധാനമന്തി നരേന്ദ്ര മോദി. രാജ്യത്തിന്റെ വിജയകരമായ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രഞ്ജരെ ഡിഎംകെ സർക്കാർ അപമാനിച്ചു എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാൻ ഡിഎംകെ തയ്യാറല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഒരു രീതിയിലും പ്രവർത്തിക്കാത്ത പാർട്ടിയാണ് ഡിഎംകെ. കേന്ദ്രത്തിന്റെ പദ്ധതികളിൽ പാർട്ടി തങ്ങളുടെ മുദ്ര പതിപ്പിക്കുകയും അവയുടെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോൾ എല്ലാ പരിധിയും ലംഘിക്കുകയാണ് ഇവർ ചെയ്യുന്നത്. ജനങ്ങളുടെ നികുതിപ്പണം ഡിഎംകെ കൊള്ളയടിക്കുകയാണ്. നികുതിപ്പണം ഉപയോഗിച്ച് പരസ്യങ്ങളും ഫ്‌ളക്‌സും വയ്ക്കുന്നു. ഐഎസ്ആർഒയുടെ ഒരു ചിത്രം പോലും അവർ ഉൾപ്പെടുത്തിയില്ല. അതിനു പകരം അവർ ചൈനീസ് ദേശീയ പതാകയുള്ള റോക്കറ്റ് പ്രദർശിപ്പിച്ചു. ഇതിനെല്ലാം ഇവർ തീർച്ചയായി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎസ്ആർഒയുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യം ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉൾപ്പെടുത്തി ഡിഎംകെ സർക്കാർ പുറത്തുവിടുകയായിരുന്നു. മുൻ മുഖ്യമന്ത്രി കരുണാനിധിയും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനും നടത്തിയ ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്ന രീതിയിലുള്ളതായിരുന്നു പരസ്യം. ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണനാണ് പരസ്യം പുറത്തുവിട്ടത്.
ഡിഎംകെയും കോൺഗ്രസും രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ബിജെപി എല്ലാവരെയും ഒന്നിച്ച് നിർത്താനാണ് എപ്പോളും ശ്രമിക്കുന്നത്. ഞങ്ങൾക്ക് എല്ലാവരും ഒരു കുടുംബമാണ് എന്ന് പ്രധാനമന്ത്രി വെളുപ്പെടുത്തി. തമിഴ്‌നാട്ടിലെ ജനങ്ങൾ ബിജെപിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ന് രാജ്യം 100 ചുവടുകൾ മുന്നോട്ട് പോവുകയാണെങ്കിൽ , തമിഴ്‌നാടും അതേ വേഗത്തിൽ മുന്നോട് പോകണം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post