തിരുവനന്തപുരം : വർക്കലയിൽ നായ്ക്കളോട് കണ്ണില്ലാത്ത ക്രൂരത. തെരുവുനായ്ക്കളെ ടാറിൽ മുക്കിയ ശേഷം മരത്തിൽ കെട്ടിയിട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ രണ്ടു നായ്ക്കളെയാണ് ഇത്തരത്തിൽ അതിക്രൂരമായി ടാറിൽ മുക്കി മരത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
ഒടുവിൽ നായ്ക്കൾക്ക് രക്ഷയായി എത്തിയത് റഷ്യൻ സ്വദേശിനിയായ പോളിനയാണ്. നായ്ക്കളെ കണ്ടെത്തിയ ഉടൻതന്നെ പോളിനയും സഹായിയും ചേർന്ന് ഇവയെ മരത്തിൽ നിന്നും കെട്ടഴിച്ച് മൃഗഡോക്ടറുടെ അടുക്കൽ എത്തിച്ചു. നായകളുടെ ശരീരത്തിന്റെ 70% ത്തോളം ടാറിൽ മുങ്ങിയ നിലയിലായിരുന്നു.
വർക്കല പ്രദേശത്ത് റോഡ് പണിക്കായി സൂക്ഷിച്ചിരുന്ന ടാറിലാണ് സാമൂഹ്യവിരുദ്ധർ തെരുവ് നായ്ക്കളെ മുക്കിയത്. തുടർന്ന് ഇവ ഓടിപ്പോകാതിരിക്കാനായി മരത്തിൽ കെട്ടിയിടുകയായിരുന്നു. നിലവിൽ പോളിനയുടെ സംരക്ഷണയിലുള്ള നായ്ക്കളുടെ ശരീരത്തിൽ നിന്ന് ഇപ്പോഴും പൂർണ്ണമായും ടാർ നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുറിവുകളിലൂടെ അണുബാധ ഉണ്ടാകാനും സാധ്യതയുള്ളതായി കരുതപ്പെടുന്നു. അതിക്രൂരമായ ഈ സംഭവത്തെക്കുറിച്ച് അയിരൂർ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് റഷ്യൻ സ്വദേശിനിയായ പോളിന.
Discussion about this post