മുംബൈ : കാൻസർ ചികിത്സയുടെ ഭാരിച്ച പണച്ചലവ് താങ്ങാനാവാത്ത ലക്ഷക്കണക്കിന് ആളുകളാണ് ഉള്ളത്. ഇപ്പോൾ കാൻസർ ചികിത്സയിൽ വിപ്ലവം സൃഷിടിക്കുന്ന പുതിയ കണ്ടുപിടുത്തമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞർ . കാൻസറിനെ അതിജീവിച്ചവർക്ക് വീണ്ടും രോഗം വരാതിരിക്കുന്നതിനുള്ള ഗുളികയാണ് ടാറ്റ പുറത്തിറക്കിയത്. വീണ്ടും രോഗം ബാധിക്കുന്നത് 30 ശതമാനത്തോളം പ്രതിരോധിക്കാനും കാൻസർ ചികിത്സയുടെ പാർശ്വഫലങ്ങൾ 50 ശതമാനത്തോളം കുറയ്ക്കാനും കഴിവുള്ള മരുന്നാണ് മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ ഗവേഷകർ കണ്ടെത്തിയത്. കേവലം 100 രൂപ മാത്രമാണ് ഈ ഗുളികയ്ക്കായി ചിലവാക്കേണ്ടത്.
10 വർഷം എടുത്താണ് ഈ മരുന്നു വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്ന് ഗവേഷക സംഘത്തിലെ അംഗവും സീനിയർ സർജനുമായ ഡോ. രാജേന്ദ്ര ബാഡ്‌വെ പറഞ്ഞു. ഏറ്റവും ചിലവ് കുറഞ്ഞ ചികിത്സാ രീതി ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ റേഡിയേഷൻ, കിമോതെറാപ്പി, എന്നിവയുടെ പാർശ്വഫലങ്ങൾ ഒഴിവാക്കാനും സാധിക്കുെന്നും അദ്ദേഹം പറഞ്ഞു.
വായ, ശ്വാസകോശം , പാൻക്രിയാസ് , എന്നിവയ്ക്ക് ബാധിക്കുന്ന കാൻസറിനാണ് ഈ ഗുളിക കൂടുതൽ ഫലപ്രദമാവുന്നത്. പാർശ്വ ഫലങ്ങൾ സംബന്ധിച്ച് എലികളിലും മനുഷ്യരിലും പരീക്ഷണങ്ങൾ വിജയിച്ചതോടെയാണ് അനുമതിക്ക് സമർപ്പിച്ചത് . എന്നാൽ പ്രതിരോധ പരിശോധന എലികളിൽ മാത്രമാണ് നടത്തിയത്. മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ ഏകദേശം അഞ്ച് വർഷമെടുക്കുമെന്നും ഗവേഷക സംഘം പറയുന്നത്.
Discussion about this post