പ്രഖ്യാപനം തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായേക്കും
തിരുവനന്തപുരം: കേരളത്തില്‍ മലബാറിലും, മധ്യകേരളത്തിലുമായി രണ്ട് ജില്ലകള്‍ കൂടി രൂപീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം തുടങ്ങി. മലപ്പുറം ജില്ലയിലെ പ്രദേശങ്ങളും , കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത് തിരൂര്‍ ജില്ലയും, എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മുവാറ്റുപുഴ ജില്ലയും രൂപീകരിക്കാനാണ് ധാരണ. തെരഞ്ഞെടുപ്പിന് മുമ്പ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തണമെന്നാണ് യുഡിഎഫിലെ ചില ഘടകക്ഷികളും, ചില കോണ്‍ഗ്രസ് എംഎല്‍എമാരും നിര്‍ബന്ധം പിടിക്കുന്നത്. ഇക്കാര്യത്തില്‍ ഏതാണ്ട് തീരുമാനമായെന്നാണ് ലഭിക്കുന്ന സൂചന.
മുസ്ലിം, കൃസ്ത്യന്‍ ഭൂരിപക്ഷ ജില്ല രൂപീകരണത്തിനെതിരെ ചില കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമുണ്ടാവാന്‍ സാധ്യതയുണ്ടെങ്കിലും അതിനെ അവഗണിച്ച് മുന്നോട്ട് പോകാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. ന്യൂനപക്ഷ വോട്ടുകള്‍ ചോരുന്നത് തടയാന്‍ ഇത്തരം നീക്കത്തിലൂടെ കഴിയുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്തായിരിക്കും തിരൂര്‍ ജില്ല രൂപീകരണം. ഇക്കാര്യത്തില്‍ പ്രഖ്യാപനത്തിന് വൈകരുതെന്ന് കാണിച്ച് മുസ്ലിംലീഗാണ് ജില്ല രൂപീകരണ നിര്‍ദ്ദേശം വീണ്ടും മുന്നോട്ട് വച്ചത്. എന്ത് എതിര്‍പ്പുണ്ടായാലും അത് വകവെക്കേണ്ടതില്ല എന്നാണ് മുസ്ലിംലീഗിന്റെ നിലപാട്. ഇതോടെ കേരള കോണ്‍ഗ്രസും, കോണ്‍ഗ്രസിലെ കൃസ്്ത്യന്‍ സമുദായാംഗങ്ങളായ എംഎല്‍എമാരും മുവാറ്റുപുഴ ജില്ല എന്ന ആവശ്യവുമായി രംഗത്തെത്തി. തിരൂര്‍ ജില്ല രൂപീകരിക്കുന്നുവെങ്കില്‍ അതോടൊപ്പം മുവാറ്റുപുഴ ജില്ലയും വേണമെന്നാണ് ഇവരുടെ നിലപാട്. ഇക്കാര്യത്തില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ ഒറ്റക്കെട്ടാണ്. കത്തോലിക്ക സഭയുടെ രഹസ്യ പിന്തുണയും ഇവരുടെ നീക്കത്തിന് പിന്നിലുണ്ട്.
മുവാറ്റുപുഴ കോതമംഗലം, പിറവം എന്നിങ്ങനെ ഇപ്പോള്‍ എറണാകുളം ജില്ലയുടെ ഭാഗമായ പ്രദേശങ്ങളും, ദേവികുളം, മൂന്നാര്‍ ഉള്‍പ്പെടുന്ന ഇടുക്കി ജില്ലയുടെ ഭാഗങ്ങളും ഉള്പ്പെടുന്നതാകും് മുവാറ്റുപുഴ ജില്ല. വര്‍ഷങ്ങളായി കത്തോലിക്ക സഭ മുവാറ്റുപുഴ ജില്ല എന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നുവെങ്കിലും ഇത്രയും ശക്തമായ സമര്‍ദ്ദം ചെലുത്തുന്നത് ഇതാദ്യമായാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൃസ്ത്യന്‍ മേഖലകളില്‍ ഉണ്ടായ തിരിച്ചടി യുഡിഎഫ് കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിരുന്നു. പരമ്പരാഗത ക്രൈസ്തവ വോട്ട് ബാങ്കില്‍ വന്ന വിള്ളലുകള്‍ നികത്താന്‍ പുതിയ ജില്ല പ്രഖ്യാപനം പോലുള്ള നീക്കങ്ങള്‍ ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടല്‍. എന്നാല്‍ ഒരു ജില്ല ആസ്ഥാനത്തിനുള്ള സൗകര്യം പോലുമില്ലാത്ത മുവാറ്റുപുഴ കേന്ദ്രമാക്കി ജില്ല എന്ന ആശയത്തിനെതിരെ ശക്തമായ എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ട്.
മലപ്പുറം ജില്ലയിലും സമാനമായ അവസ്ഥയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോയ അവസ്ഥയില്‍ നിന്ന് തിരിച്ച് വരാന്‍ തിരൂര്‍ ജില്ല രൂപീകരണം കൊണ്ട് സാധ്യമാകുമെന്ന് മുുസ്ലിംലീഗ് കണക്ക് കൂട്ടുന്നു. എസ്ഡിപിഐ പോലുള്ള പാര്‍ട്ടികള്‍ നേരത്തെ ജില്ല വിഭജനമെന്ന ആവശ്യം ഉയര്‍ത്തി സമരം നടത്തിയിരുന്നു. അന്നും അതിനെ പിന്തുണക്കുന്ന നിലപാടാണ് മുസ്ലിംലീഗ് സ്വീകരിച്ചത്. മുസ്ലിം സംഘടനകളും പിന്തുണയും ലീഗിന്റെ നീക്കത്തിന് പിന്നിലുണ്ട്.
അതേസമയം പുതിയ ജില്ല രൂപീകരണത്തിനെതിരെ എന്ത് നിലപാട് സ്വീകരിക്കണമെന്നതില്‍ ഇടത് മുന്നണിയ്ക്ക് അകത്ത് ഇനിയും വ്യക്തതയില്ല. ജില്ല രൂപീകരണം എതിര്‍ക്കുന്നത് ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയാണ് അവര്‍ക്കുള്ളത്. അതേസമയം വിഷയത്തില്‍ ബിജെപി സ്വീകരിക്കുന്ന നിലപാട് തിരിച്ചടിയാകുമോ എന്ന ആശങ്കയും എല്‍ഡിഎഫിനുണ്ട്.
എന്ത് വില കൊടുത്തും മതാടിസ്ഥാനത്തില്‍ ജില്ലകള്‍ രൂപീകരിക്കുന്നതിനെ എതിര്‍ക്കുന്ന സമീപനമാകും ബിജെപിയുടേത്. മലപ്പുറം ജില്ല രൂപീകരണം തന്നെകേരളത്തില് മതവിവേചനത്തിന് വഴിയൊരുക്കി എന്ന വിമര്‍ശനം ബിജെപി നിരന്തരം ഉയര്‍ത്തുന്നുണ്ട്. മുസ്ലിം വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലകള്‍ ഉള്‍പ്പെടുത്തിയുള്ള തിരൂര്‍ ജില്ല രൂപീകരണ നീക്കവും, കൃസ്ത്യന്‍ സമുദായ മേഖലകളെ യോജിപ്പിച്ചുള്ള മുവാറ്റുപുഴ ജില്ല രൂപീകരണവും വലിയ തെരഞ്ഞെടുപ്പ് വിഷയമായി ബിജെപി ഉയര്‍ത്തുമെന്ന ആശങ്ക ഇടത്-വലത് മുന്നണികള്‍ക്കുണ്ട്. എന്നാല്‍ തീരുമാനത്തില്‍ നിന്ന് വിട്ട് വീഴ്ചയില്ലാ എന്ന നിലപാടിലാണ് ലീഗ്. ലീഗിന്റെ ആവശ്യം പരിഘമിക്കപ്പെട്ടാല് മുവാറ്റുപുഴ ജില്ലയും വേണമെന്ന് യുഡിഎഫിലെ ചില എംഎല്‍എമാര്‍ പറയുന്നു. ഇവരുടെ നീക്കത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണയും ഉണ്ട്. എന്നാല്‍ ഹിന്ദു സമൂഹത്തില്‍ നിന്ന് മതാടിസ്ഥാനത്തിലുള്ള ജില്ല രൂപീകരണത്തിനെതിരെ ശക്തമായ എതിര്‍പ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post