ഷിംല : വിവാഹം എന്നത് എല്ലാവരുടെയും ജീവിതത്തിലെ സ്വപ്‌ന സാക്ഷാത്ക്കാര നിമിഷമായിരിക്കും. അത് ഏറ്റവും ഭംഗിയുള്ളതാക്കാനാണ് എല്ലാവരും ശ്രദ്ധിക്കാറുള്ളത്. അതിനായി ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളും ഇന്റിമേറ്റ് വെഡ്ഡിംഗുകളും പ്ലാൻ ചെയ്യുന്നതും ഇപ്പോൾ പതിവ് സംഭവമാണ്. എന്നാൽ ഒരു വെറൈറ്റിക്ക് മഞ്ഞ് മൂടിപ്പുതച്ച് കിടക്കുന്ന മലനിരകൾക്കിടയിൽ നിന്ന് വിവാഹം കഴിച്ചാൽ എന്തായിരിക്കും അവസ്ഥ.
മലയാളിയായ രഞ്ജിത്ത് ശ്രീനിവാസും ഗുജറാത്ത് സ്വദേശിയായ ആര്യ ബുറയും തമ്മിലുള്ള വിവാഹമാണ് കൊടും തണുപ്പിൽ മഞ്ഞുമലകൾക്കിടയിൽ വെച്ച് നടന്നത്. കഴിഞ്ഞ ഫെബ്രുവരി 26 നായിരുന്നു വിവാഹം. 2021 ലും 2023 ലും ആര്യ ഹിമാചൽ പ്രദേശിലെ സ്പിറ്റി വാലിയിലേക്ക് പോയിട്ടുണ്ട്. ഷേർണി എന്ന് പേരുള്ള തന്റെ ഥാറിൽ ഒറ്റയ്ക്കാണ് ആര്യ യാത്ര നടത്തിയത്. ആ സ്ഥലം അന്ന് തന്റെ മനം കവർന്നിരുന്നു എന്ന് ആര്യ പറഞ്ഞു.
പിന്നീട് 13 വർഷമായി പ്രണയത്തിലായിരുന്ന രഞ്ജിത്തുമായി മുംബൈയിൽ വെച്ചാണ് ആര്യയുടെ വിവാഹ നിശ്ചയം നടന്നത്. തുടർന്ന് വിവാഹം ഹിമാചലിൽ വെച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. ആദ്യമൊന്നും ആരും സമ്മതിച്ചില്ലെന്നും, ഏറെ ബുദ്ധിമുട്ടിയാണ് കുടുംബം സാഹസത്തിന് തയ്യാറായത് എന്നും ആര്യ പറഞ്ഞു.
തന്റെ എക്കാലത്തെയും സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആര്യ ബുറ. മഞ്ഞിൽ വിവാഹ വേദി പണിത് അവിടെ വെച്ച് ഒന്നാവാനാണ് തീരുമാനിച്ചത്. ഇതിനായി ലാങ്ച പോലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുത്തു. എന്നാൽ ആ പ്രദേശത്ത് മഞ്ഞ് കുറവായിരുന്നതിനാൽ ചടങ്ങ് മുറാങ്ങിലേക്ക് മാറ്റുകയായിരുന്നു.
എല്ലാ ഒരുക്കങ്ങളും വെഡ്ഡിംഗ് പ്ലാനർമാരുടെ സഹായത്തോടെയാണ് ചെയ്തത്. വിവാഹത്തിനിടയ്ക്ക് മഞ്ഞ് പെയ്തിരുന്നു. താൻ ഏറെ ഇഷ്ടപ്പെട്ട മലനിരകളിൽ വെച്ച് വിവാഹം കഴിക്കാനായതിൽ അതിയായ സന്തോമുണ്ടെന്ന് ആര്യ പറഞ്ഞു. ഇവിടെ ഇത് മാത്രമല്ല മറ്റ് നിരവധി ലൊക്കേഷനുകൾ ഉണ്ടെന്നും തുടർന്നും യുവാക്കളും യുവതികളും വിവാഹം കഴിക്കാൻ ഇത്തരം സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്നും ആര്യ ആവശ്യപ്പെട്ടു. എന്തായാലും ആര്യ ബോറ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ഇത് കൂടാതെ ഇവരുടെ വിവാഹ യാത്ര ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം പിടിച്ചുകഴിഞ്ഞു. ഏറ്റവും ദൂരമുള്ള വിവാഹ യാത്ര എന്ന അംഗീകാരമാണ് ഇവർക്ക് ലഭിച്ചത്.
Discussion about this post