പോരാട്ടങ്ങളിലൂടെയും ചെറുത്തു നിൽപ്പുകളിലൂടെയും ഓരോ വനിതകളും നേടിയെടുത്ത വിജയത്തെയാണ് ഓരോ വനിതാ ദിനവും ആഘോഷമാക്കുന്നത്. അടുക്കളകളുടെയും ഉള്ളിൽ മാത്രം മുഴങ്ങി കേൾക്കാൻ സാധിച്ചിരുന്ന സ്ത്രീകളുടെ ശബ്ദവും വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രം കിട്ടിയിരുന്ന സ്വാതന്ത്ര്യവും ലോകത്തെവിടെയും സ്ത്രീകൾക്ക് ഇപ്പോൾ ആസ്വദിക്കാൻ കഴിയുന്നുണ്ട്. യുദ്ധമുഖങ്ങളിൽ പോലും സ്ത്രീകൾ അവരുടെ സാന്നിധ്യം ഉറപ്പിച്ചത് അവരുടെ പോരാട്ട വീര്യം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും മാത്രമാണ്.
ഉൾക്കരുത്ത് കൊണ്ട് ഇന്ത്യയിലെ ആദ്യ അതിർത്തി സുരക്ഷാ സേനയുടെ സെനൈപ്പർ ആയി മാറിയിരിക്കുകയാണ് സുമൻ കുമാരി എന്ന ഹിമാചൽ പ്രദേശുകാരി. സബ് ഇൻസ്‌പെക്ടർ ആയിരുന്ന സുമൻ സെൻട്രൽ സ്‌കൂൾ ഓഫ് വെപ്പൺസ് ആൻഡ് ടാടിക്‌സ് (സിഎസ്ഡബ്ല്യുടി)യിലെ എട്ട് ആഴ്ച്ചക്കാലത്തെ സ്‌നൈപ്പർ കോഴ്‌സ് പൂർത്തിയാക്കിയാണ് ഇന്ത്യയുടെ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നത്.
‘സ്ത്രീകൾ എല്ലാ മേഖലയിലും കുതിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തിൽ കഠിനമായ പരിശീലനത്തിലൂടെ ബിഎസ്എഫിൽ ആദ്യത്തെ വനിതാ സ്‌നൈപ്പറിനെ ലഭിച്ചിരിക്കുകയാണ്’ സിഎസ്ഡബ്ല്യുടി അവരുടെ ഔദ്യോഗിക പോസ്റ്റിൽ കുറിച്ചു.
പഞ്ചാബിലെ ഒരു പ്ലാറ്റൂണിന് കമാൻഡറായിരിക്കെ അതിർത്തിയിൽ സ്നൈപ്പർ ആക്രമണത്തിന്റെ ഭീഷണിയെ തുടർന്നുള്ള വിവരങ്ങൾ പുറത്ത് വന്നതോടെയാണ് കോഴ്സിന് സുമൻ സന്നദ്ധത അറിയിച്ചത്. സുമന്റെ നിശ്ചയദാർഢ്യം കണ്ട് കോഴ്സിൽ ചേരാൻ മേലധികാരികൾ അംഗീകാരം നൽകുകയായിരുന്നു.
സ്നൈപ്പർ കോഴ്സ് എടുത്ത 56 പുരുഷന്മാർക്കിടെ സുമൻ മാത്രമായിരുന്നു സ്ത്രീ ആയി ഉണ്ടായിരുന്നത്. സുമന്റെ ഈ നേട്ടത്തോടെ, ഈ രംഗത്ത് കൂടുതൽ സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹിമാചൽ പ്രദേശിലെ മന്ദി സ്വദേശിയായ സുമൻ ഒരു നിർധന കുടുംബത്തിലാണ് ജനിച്ചത്. പിതാവ് ഒരു ഇലക്ട്രീഷ്യനായിരുന്നു. വീട്ടമ്മയായിരുന്നു അമ്മ. 2021ലാണ് സുമൻ ബിഎസ്എഫിൽ ചേർന്നത്. നിരായുധ പോരാട്ടങ്ങളിലും സുമൻ വിദഗ്ധയാണ്.
Discussion about this post