ഇസ്ലാമാബാദ് : പാകിസ്താനിൽ നാശംവിതച്ച് കനത്ത മഞ്ഞും മഴയും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 38 പേരാണ് മഴക്കെടുതിയെ തുടർന്ന് മരിച്ചത്. പല പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മഞ്ഞിനെയും മഴയേയും തുടർന്നുള്ള വിവിധ അപകടങ്ങളിലായി 50ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകൾ ഉണ്ട്.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലും ഖൈബർ ജില്ലയിലെ സ്വാത് താഴ്വരയിലുമാണ് കൂടുതൽ പേർ മരിച്ചത്. മരിച്ചവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് 5 പേർ മരിക്കുകയും 700 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ റോഡുകളിൽ കെട്ടിക്കിടക്കുന്നതിനാൽ ഹൈവേകൾ പോലും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണുള്ളത്. ഈ അവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന് റോഡുകളിൽ നിന്നും നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്. പാകിസ്താനിൽ നേരത്തെ മൺസൂൺ കാലത്ത് ഉണ്ടായ മഴയിൽ കനത്ത നാശവും കൃഷി നഷ്ടവും ഉണ്ടായിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധി ആയിരുന്നു ഇതേ തുടർന്ന് രാജ്യം നേരിട്ടിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ശൈത്യകാല മഴയിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുന്നത്
Discussion about this post