ന്യൂഡൽഹി: സനാതനധർമ്മവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഉദയനിധി അവകാശങ്ങൾ ദുരുപയോഗം ചെയ്തതായി സുപ്രീംകോടതി പറഞ്ഞു. വിവാദപരാമർശത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ ഒരുമിച്ച് ആക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആണ് കോടതിയുടെ വിമർശനം.
സനാതനധർമ്മത്തെ അവഹേളിച്ച് നടത്തിയ പരാമർശത്തിൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട എഫ്‌ഐആറുകൾ ഒന്നിച്ച് ചേർക്കണം എന്ന് ആവശ്യപ്പെട്ട് ഉദയനിധി തന്നെയായിരുന്നു കോടതിയെ സമീപിച്ചത്. നേരത്തെ ഈ എഫ്‌ഐആറുകൾ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഉദയനിധി കോടതികളെ സമീപിച്ചിരുന്നു. എന്നാൽ നിരാശ ആയിരുന്നു ഫലം. ഇതോടെയാണ് കേസുകൾ ഒന്നിച്ച് പരിഗണിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച കോടതി രൂക്ഷമായ ഭാഷയിൽ ആയിരുന്നു വിമർശനം ഉന്നയിച്ചത്. ഉദയനിധി സാധാരക്കാരൻ അല്ലെന്നും, ഒരു മന്ത്രിയാണെന്നും കോടതി ഓർമ്മിച്ചു. ‘ നിങ്ങൾ ഒരു സാധാരണക്കാരനല്ല, ഒരു മന്ത്രിയാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു പരാമർശം നടത്തുമ്പോൾ വരും വരായികകൾ ചിന്തിക്കണം ‘- ഇങ്ങനെ ആയിരുന്നു കോടതിയുടെ പരാമർശം. അഭിപ്രായത്തിനായുള്ള സ്വാതന്ത്ര്യം മന്ത്രി ദുരുപയോഗം ചെയ്തുവെന്നും കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി.
Discussion about this post