തിരുവനന്തപുരം : ഇന്ത്യയുടെ ആദ്യ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപിച്ച ദിവസം ജീവിതത്തിലെ സന്തോഷവും ദുഃഖവും ഒരുപോലെ കലർന്ന ദിവസമായിരുന്നു എന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ആദിത്യ എൽ-1 വിക്ഷേപിച്ച അതേ ദിവസമാണ് തനിക്ക് അർബുദം സ്ഥിരീകരിച്ചത് എന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് എസ് സോമനാഥ് വെളിപ്പെടുത്തിയത്.
” ചാന്ദ്രയാൻ 3 ന്റെ ദൗത്യവേളയിൽ തന്നെ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ എന്താണ് പ്രശ്നം എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ആദിത്യ എൽ-1 വിക്ഷേപിച്ച ദിവസമാണ് വയറ്റിൽ അർബുദം ആണെന്ന് കണ്ടെത്തിയത്. എനിക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും വളരെ ഞെട്ടൽ ഉണ്ടാക്കിയ ഒരു അനുഭവമായിരുന്നു അത് ” എന്നും എസ് സോമനാഥ് വ്യക്തമാക്കി.
ശരിയായ ചികിത്സ സ്വീകരിച്ചതോടെ ഇപ്പോൾ താൻ രോഗത്തിൽ നിന്നും മുക്തി നേടിയെന്നും സോമനാഥ് അറിയിച്ചു. അർബുദം ആണെന്ന് സ്ഥിരീകരിച്ചതോടെ തുടർ പരിശോധനകൾക്കും ചികിത്സകൾക്കുമായി ചെന്നൈയിലേക്ക് പോയി. നാലുദിവസം ആശുപത്രിയിൽ കഴിഞ്ഞു. കീമോതെറാപ്പിയും ശസ്ത്രക്രിയയും നടത്തി. അഞ്ചാമത്തെ ദിവസം തിരിച്ചു ജോലിയിൽ പ്രവേശിച്ചു. ചികിത്സ ശരിയായി പിന്തുടർന്നതിനാൽ ഇപ്പോൾ രോഗത്തിൽ നിന്നും പൂർണ്ണമായും മുക്തി നേടി എന്നും എസ് സോമനാഥ് വെളിപ്പെടുത്തി.
Discussion about this post