തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച് മരണത്തിലേക്ക് തള്ളിവിട്ട എസ്എഫ്ഐക്കെതിരെ വ്യാപക പ്രതിഷേധമാണ് കേരളത്തിൽ നടക്കുന്നത്. കടുത്ത പ്രതിരോധത്തിൽ ആയതോടെ എസ്എഫ്ഐയെ ന്യായീകരിച്ചുകൊണ്ട് മന്ത്രിമാർ അടക്കമുള്ള പ്രമുഖരാണ് ഇപ്പോൾ രംഗത്ത് വരുന്നത്. ഏറ്റവും പുതുതായി എസ്എഫ്ഐയെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസ് ആണ്.
കലാലയങ്ങളിൽ തെറ്റായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വലിയ പങ്കുവഹിക്കുന്നവരാണ് എസ്എഫ്ഐ എന്നാണ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെടുന്നത്. പൂക്കോട് സംഭവം ഞെട്ടിക്കുന്നതാണ്. എന്നാൽ ഈ പ്രവണത എസ്എഫ്ഐ കാരണമാണെന്ന് വരുത്തി തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണ് എന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. തെറ്റ് കാണിക്കുന്നവർക്കെതിരെ കർശന നിലപാടുകളാണ് എസ്എഫ്ഐ സ്വീകരിക്കുന്നത് എന്നും മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.
എസ്എഫ്ഐയെ ഇപ്പോൾ എല്ലാവരും ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയാണ്. എസ്എഫ്ഐക്കാരെ ആട്ടിയോടിക്കുന്നതിനായി ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കുകയാണ്. ഇടുക്കിയിൽ ധീരജ് കൊല്ലപ്പെട്ടപ്പോൾ ഈ നിലപാടല്ല ചിലർ എടുത്തിരുന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പിൽ ഗുണം കിട്ടുമോ എന്നാണ് നോക്കുന്നത് എന്നും മന്ത്രി മുഹമ്മദ് റിയാസ് ആരോപണമുന്നയിച്ചു.
അതേസമയം പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പിടിയിലായ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്. മർദ്ദനത്തിന് മുൻപായി തന്നെ സിദ്ധാർത്ഥിനെതിരെ ഗൂഢാലോചന നടന്നെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്. കൃത്യമായ ആസൂത്രണത്തോടെയാണ് വീട്ടിൽ പോയിരുന്ന സിദ്ധാർത്ഥിനെ വിളിച്ചു വരുത്തിയതും ക്രൂരമായി മർദ്ദിച്ച് മരണത്തിലേക്ക് തള്ളിവിട്ടതും എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
Discussion about this post