പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാകുന്ന അനിൽ ആന്റണി മുതിർന്ന നേതാവ് പിസി ജോർജിനെ കണ്ട് അനുഗ്രഹം വാങ്ങി. പിസി ജോർജിനെ അനില്‍ ആന്റണി വീട്ടിലെത്തി കാണുകയായിരുന്നു. കുടുംബത്തോടൊപ്പം മധുരം നൽകിയാണ് പിസി ജോർജ് അനില്‍ ആന്റണിയെ ആശിർവദിച്ചത്. മകൻ ഷോൺ ജോർജും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു.
അനിൽ ആന്റണി പുതുമുഖം ആയതിനാൽ പത്തനംതിട്ടയിൽ പരിചിതനല്ലെന്ന പിസി ജോർജിന്റെ പരാമർശം നേരത്തെ വലിയ വിവാദമാണ് ഉണ്ടാക്കിയിരുന്നത്. പത്തനംതിട്ടയിലെ ജനങ്ങൾക്ക് പരിചയമില്ലാത്ത ആളായതിനാൽ എല്ലാവർക്കും പരിചയപ്പെടുത്തേണ്ടി വരും എന്നായിരുന്നു പിസി ജോർജ്ജ് അഭിപ്രായപ്പെട്ടിരുന്നത്.
പിസി ജോർജിന്റെ അഭിപ്രായത്തെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് രാവിലെ അനില്‍ ആന്റണി മറുപടി നൽകിയിരുന്നു. ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാവരും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത് എന്നാണ് അനില്‍ ആന്റണി വ്യക്തമാക്കിയത്. എല്ലാവരും മോദിയുടെ സ്ഥാനാർത്ഥികളാണ്. ആരെയും പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്നും അനിൽ ആന്റണി വ്യക്തമാക്കി.
പത്തനംതിട്ടയിൽ ബിജെപിയുടെ വിജയം ഉറപ്പാക്കുക എന്നത് കേരളത്തെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണെന്ന് അനിൽ ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പിസി ജോർജ് വ്യക്തമാക്കി. കേരളത്തിലെ ജനങ്ങൾക്ക് മുൻപിൽ അനിൽ ആന്റണി എന്ന് പറയുന്നത് എ കെ ആന്റണിയുടെ മകനാണ്. അതു തന്നെ വലിയ അംഗീകാരമാണ്. ഞാൻ സ്ഥാനാർത്ഥി ആകണമെന്ന് എവിടെയും പറഞ്ഞിട്ടില്ല ചില വട്ടന്മാർ ഇങ്ങനെ പറഞ്ഞുകൊണ്ട് നടന്നാൽ ഉത്തരം പറയാൻ നേരമില്ല. അനിൽ ആന്റണിക്കൊപ്പം ബിജെപിയുടെ മുഴുവൻ പ്രവർത്തകരും ആത്മാർത്ഥമായി തന്നെ മുന്നിൽ ഉണ്ടാകുമെന്നും പി സി ജോർജ് അറിയിച്ചു.
Discussion about this post