ഭുവനേശ്വർ:ഒഡീഷയിൽ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 19, 600 കോടി രൂപയുടെ വികസന പദ്ധതികളാണ് അദ്ദേഹം ഒഡീഷയ്ക്ക് സമ്മാനിക്കുന്നത്. എണ്ണ, വാതകം, റെയിൽവേ, റോഡുകൾ, ഗതാഗതം, ഹൈവേകൾ, ആണവോർജം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ മോണോ എഥിലീൻ ഗ്ലൈക്കോൾ പദ്ധതി പാരദീപ് റിഫൈനറിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒഡീഷയിലെ പാരദീപ് മുതൽ പശ്ചിമ ബംഗാളിലെ ഹാൽദിയ വരെ നീളുന്ന 344 കിലോമീറ്റർ നീളമുള്ള ഉൽപ്പന്ന പൈപ്പ് ലൈൻ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. NH-49- ലെ സിംഹാര മുതൽ ബിഞ്ജബഹൽ വരെയുള്ള നാലുവരിപ്പാതകൾക്കായുള്ള റോഡ് പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
ജാജ്പൂർ ജില്ലയിലെ ചന്ദിഖോലെയിൽ 3:30 ന് പ്രധാനമന്ത്രി എത്തും. ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.162 കിലോമീറ്റർ നീളമുള്ള ബൻസപാനി-ദൈതാരി-ടോംക-ജഖാപുര റെയിൽവേ പാത പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ഇത് നിലവിലുള്ള ശേഷി വർധിപ്പിക്കുക മാത്രമല്ല, കിയോഞ്ചറിൽ നിന്ന് അടുത്തുള്ള തുറമുഖങ്ങളിലേക്കും സ്റ്റീൽ പ്ലാന്റുകളിലേക്കും ഇരുമ്പിന്റെയും മാംഗനീസ് അയിരിന്റെയും ഗതാഗതം സുഗമമാകും .ഫെബ്രുവരി മൂന്നിനാണ് പ്രധാനമന്ത്രി അവസാനമായി സംസ്ഥാനം സന്ദർശിച്ച് 68,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം നിർവഹിച്ചിരുന്നത്.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനം കണക്കിലെടുത്ത് കടുത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത് .മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 3000-ലധികം പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
Discussion about this post