കൊൽക്കത്ത: ആദ്യ അണ്ടർവാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിൽ രാവിലെ 10 മണിയോടെയായിരുന്നു അദ്ദേഹം മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ആദ്യ യാത്രയ്ക്കായി എത്തിയവരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.
ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി മെട്രോയിൽ യാത്രയും നടത്തി. ആദ്യ യാത്രയിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്‌കൂൾ കുട്ടികൾക്കും അവസരം നൽകിയിരുന്നു. ഇവർക്കൊപ്പമാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്. യാത്രാ വേളയിൽ അദ്ദേഹം സ്‌കൂൾ വിദ്യാർത്ഥികളുമായി സംവദിച്ചു. ആദ്യ യാത്രയ്ക്കായി നിരവധി പേരാണ് വിവിധ സ്‌റ്റേഷനുകളിൽ എത്തിയത്. എല്ലാവർക്കും പ്രധാനമന്ത്രി ശുഭയാത്ര നേർന്നു.
പ്രധാനമന്ത്രിയ്‌ക്കൊപ്പം മന്ത്രിമാരും റെയിൽവേ അധികൃതരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവരും മെട്രോയിൽ ആദ്യ യാത്ര നടത്തി. ഹൂഗ്ലി നദിയ്ക്ക് അടിയിലൂടെയാണ് അണ്ടർ വാട്ടർ മെട്രോ നിർമ്മിച്ചിരിക്കുന്നത്.
ഹൗറയെയും സാൾട്ട് ലേഖിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് അണ്ടർ വാട്ടർ മെട്രോയുടെ നിർമ്മാണം. 16.6 കിലോമീറ്ററാണ് മെട്രോയുടെ ദൂരം. ഇതിൽ 10.8 കിലോ മീറ്റർ ദൂരമാണ് നദിയ്ക്ക് ഉള്ളിലൂടെ മെട്രോ സഞ്ചരിക്കുക. എല്ലാ റിവർ മെട്രോ സ്‌റ്റേഷനുകളും ശീതീകരിച്ചിട്ടുണ്ട്. ടണലിനുള്ളിൽ എമർജൻസി ഫാനുകൾ കൊണ്ടുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Discussion about this post