ലക്‌നൗ: ലിപ്പ്സ്റ്റിക്കിനെ ചൊല്ലിയുള്ള സൗന്ദര്യ പിണക്കം തുടുംബ കോടതി വരെ എത്തിച്ച ദമ്പതികൾ. ആഗ്രയിലെ ഫാമിലി കൗൺസിലിംഗ് സെന്ററിലാണ് പരാതിയുമായി ദമ്പതികൾ എത്തിയത്.കൗൺസിലിംഗ് സെന്ററിലെ കൗൺസിലർ സതീഷ് ഖിർവാർ ആണ് തന്റെ മുന്നിലെത്തിയ ഈ അപൂർവ വിവാഹമോചന പരാതിയുടെ വിവരങ്ങൾ പുറത്തു വിട്ടത്.ഭർത്താവ് വാങ്ങി നൽകിയ 30 രൂപയുടെ ലിപ്സ്റ്റിക് വിലകൂടിയതാണന്ന് ആരോപിച്ച് ഭാര്യ ഭർത്താവുമായി കലഹിക്കുകയും ഒടുവിൽ വീടുവിട്ട് ഇറങ്ങുകയുമായിരുന്നു.
യുവതി എത്മാദ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ളയാളാണ്. ഭർത്താവാകട്ടെ മഥുര സ്വദേശിയും. രണ്ട് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഒരു ദിവസം തനിക്കൊരു ലിപ്പ്സ്റ്റിക്ക് വാങ്ങി നൽകാൻ ഭാര്യ ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇത് പ്രകാരം യുവാവ് ലിപ്പ്സ്റ്റിക്കുമായി എത്തി.ഭർത്താവിനോട് ഭാര്യ അതിന്റെ വില ചോദിച്ചു. 30 രൂപയുടെ ലിപ്സ്റ്റിക്ക് ആണതെന്ന് അറിഞ്ഞതും തനിക്ക് 10 രൂപയുടെ ലിപ്സ്റ്റിക്ക് മതിയായിരുന്നുവെന്നും ഇത്രയും വിലകൂടിയ ലിപ്സ്റ്റിക് എന്തിന് വാങ്ങി എന്നുമായി ഭാര്യ. 30 രൂപയിൽ കുറഞ്ഞ ലിപ്സ്റ്റിക്ക് ഇല്ലെന്ന് ഭർത്താവും മറുപടി നൽകി. എന്നാൽ, ഇത്തരത്തിൽ പണം ചെലവാക്കിയാൽ കുടുംബ ബജറ്റ് താളം തെറ്റുമെന്നായി ഭാര്യ. ഒടുവിൽ ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമായി. ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി പോയി.
കൗൺസിലിംഗിൽ ഇരുവരുടെയും ഭാഗങ്ങൾ പരസ്പരം ബോധ്യപ്പെടുത്തി.ഒടുവിൽ ഭാര്യയ്ക്ക് ഇഷ്ടമുള്ള ലിപ്സ്റ്റിക്ക് വാങ്ങി നൽകാമെന്ന് ഭർത്താവ് സമ്മതിച്ചതോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിക്കുകയും വീണ്ടും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ചെയ്തു.
Discussion about this post