ലണ്ടൻ: തന്റെ ഭർത്താവിന്റെ പാചക വൈദഗ്ധ്യത്തെ പുകഴ്ത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ജീവിത പങ്കാളി അക്ഷത മൂർത്തി. ഗ്രാസിയ എന്ന പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ ഋഷി സുനകിനെ കുറിച്ച് അക്ഷത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. തന്നേക്കാൾ നന്നായി ഋഷി സുനക് പാചകം ചെയ്യും എന്നാൽ, രാജ്യം ഭരിക്കുന്നതിലെ തിരക്കുകൾ കാരണം ഇപ്പോൾ അടുക്കളയിൽ കയറാൻ അദ്ദേഹത്തിന് സമയം കിട്ടാറില്ലെന്നും അക്ഷത പറഞ്ഞു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗ്രാസിയക്ക് വേണ്ടി നൽകിയ അഭിമുഖത്തിൽ അക്ഷത തന്റെ ഭർത്താവിനെ കുറിച്ചും മക്കളായ കൃഷ്ണ, അനൗഷ്‌ക എന്നിവരെക്കുറിച്ചും തങ്ങളുടെ വീട്ടിലെ വളർത്തുനായ നോവയെ കുറിച്ചും വാചാലയായിരുന്നു. ‘ഋഷി നന്നായി പാചകം ചെയ്യും. എനിക്ക് പാചകം ചെയ്യാൻ ഇഷ്ടമാണ്. എന്നാൽ, എന്നേക്കാൾ ആ മേഖലയിൽ മികവ് ഋഷിയ്ക്ക് തന്നെയാണ്’- അക്ഷത പറഞ്ഞു.
ഇപ്പോൾ ശനിയാഴ്ച്ചകളിലെ പ്രഭാത ഭഷണം മാത്രമേ ഉണ്ടാക്കാൻ കഴിയാറുള്ളൂ.., ഗോൾഡൻ റാംസേയുടെ പാചകവിധിപ്രകാരമുള്ള മുട്ട ചിക്കിയതാണ് കൂടുതൽ ഉണ്ടാക്കുകയെന്ന് ഋഷി സുനകും കൂട്ടിച്ചേർത്തു.
തന്നേക്കാൾ വൃത്തിയും ചിട്ടയും കൂടുതൽ ഋഷിക്കാണെന്നും അക്ഷത പറഞ്ഞു. ‘പലപ്പോഴും രാവിലെ കിടക്ക വൃത്തിയാക്കുക ഋഷിയാണ്. ഞാൻ ഒരു മോണിംഗ് പേഴ്‌സൺ അല്ല. ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത്, ഋഷി എന്നെ കാണാൻ ഞാൻ താമസിക്കുന്നിടത്ത് വരാറുണ്ടായിരുന്നു. ഞാൻ മിക്ക സമയത്തും കിടക്കയിൽ വച്ച് ഭഷണം കഴിക്കാറുണ്ട്. ഋഷി വരുന്ന സമയത്ത് എന്റെ കിടക്കയിൽ ചിലപ്പോൾ പ്ലേറ്റുകൾ നിറഞ്ഞു കിടക്കുന്നുണ്ടാകും. എല്ലാം ചിട്ടയായി ഒതുക്കി വയ്ക്കുന്ന ഒരാളൊന്നുമല്ല ഞാൻ’ അക്ഷത പറഞ്ഞു.
മക്കളുടെ പഠനകാര്യങ്ങൾ ശ്രദ്ധിക്കുന്നത് അക്ഷതയാണ്. വീട്ടിലെ മറ്റ് കാര്യങ്ങൾ ഋഷി നോക്കാറുണ്ട്. മക്കളുടെ പഠനകാര്യങ്ങളിൽ താൻ വളരെ കാർക്കശ്യമുള്ള അമ്മയാണ്. ഭർത്താവിനേക്കാൾ കൂടുതൽ ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധിക്കാറുണ്ട്. കൃത്യമായി വ്യായാമം ചെയ്യും. പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാണ്. ജോലി കഴിഞ്ഞു തളർന്ന് വരുന്ന ഋഷി പിരിമുറുക്കങ്ങളിൽ നിന്നും അയവ് കിട്ടാൻ ഫ്രണ്ട്‌സ് എന്ന പരമ്പര കാണാറുണ്ടെന്നും അക്ഷത പറഞ്ഞു.
Discussion about this post