തിരുവനന്തപുരം : കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജാ വേണുഗോപാൽ ബിജെപിയിലേക്ക്. ഒരു ദിവസം മുഴുവൻ നീണ്ട അഭ്യൂഹങ്ങൾക്കും സംശയങ്ങൾക്കും വിരാമം ഇട്ടുകൊണ്ടാണ് പത്മജ ബിജെപിയിൽ ചേരുമെന്ന വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. നാളെ ബിജെപി ആസ്ഥാനത്ത് വച്ചായിരിക്കും പത്മജ അംഗത്വം സ്വീകരിക്കുന്നത്.
ബിജെപി ദേശീയ നേതൃത്വവുമായ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിജെപിയിൽ ചേരുന്ന കാര്യത്തിൽ പത്മജ വേണുഗോപാൽ അന്തിമ തീരുമാനം എടുത്തിട്ടുള്ളത്. നേരത്തെ ഇത്തരത്തിൽ വാർത്തകൾ വന്നിരുന്നെങ്കിലും ഈ അഭ്യൂഹങ്ങൾ തെറ്റാണെന്നും ശക്തമായി നിഷേധിക്കുന്നുവെന്നും കാണിച്ച് പത്മജ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ പിന്നീട് ബിജെപി ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷം നേരത്തെ ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാൽ പിൻവലിച്ചിട്ടുണ്ട്. നേരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചിട്ടുള്ള വ്യക്തിയാണ് പത്മജ വേണുഗോപാൽ. കേരളത്തിലെ കോൺഗ്രസിന്റെ ഏറ്റവും പ്രമുഖനായിരുന്ന നേതാവിന്റെ മകൾ തന്നെ ബിജെപിയിൽ ചേരുന്നത് കോൺഗ്രസിനെ സംബന്ധിച്ച് കനത്ത അടിയായി മാറിയിരിക്കുകയാണ്.
Discussion about this post