ശ്രീനഗർ : ഇന്ന് കശ്മീർ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രധാനമന്ത്രി അല്പം ദൂരെ നിന്നുകൊണ്ട് ആദിശങ്കരാചാര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ശങ്കരാചാര്യ കുന്നുകളെ നോക്കിക്കാണുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. അകലെ നിന്നാണെങ്കിലും പ്രൗഢഗംഭീരമായ ശങ്കരാചാര്യ കുന്നുകൾ ദർശിക്കാൻ സാധിച്ചു എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്.
കശ്മീരിൽ ശ്രീനഗറിലെ സബർവാൻ പർവതനിരയിലാണ് ശങ്കരാചാര്യ കുന്നുകൾ സ്ഥിതി ചെയ്യുന്നത്. ശ്രീ ആദി ശങ്കരാചാര്യൻ ഈ കുന്നുകളിൽ എത്തി സ്ഥാപിച്ച ഒരു ശിവക്ഷേത്രവും ഇവിടെയുണ്ട്. ശങ്കരാചാര്യ ക്ഷേത്രം അല്ലെങ്കിൽ ജ്യേഷ്ടേശ്വര ക്ഷേത്രം എന്നുമെല്ലാം അറിയപ്പെടുന്ന ഈ ക്ഷേത്രം കശ്മീർ താഴ്വരയിൽ നിന്നും ആയിരം അടി മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. കാശ്മീരിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമായ ശങ്കരാചാര്യ ക്ഷേത്രം നിലവിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണുള്ളത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ സന്ദർശിക്കുന്നത്. ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. 5000 കോടി രൂപ ചിലവിൽ നടപ്പിലാക്കുന്ന വികസന പദ്ധതികൾ കശ്മീരിന് സമർപ്പിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ശ്രീനഗറിൽ എത്തിയിട്ടുള്ളത്.
Discussion about this post