പത്തനംതിട്ട; പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് അനിൽ ആന്റണി. ഇനിയും ഒരുപാട് പേർ ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാനും പത്മജ ചേച്ചിയും രണ്ട് ഉദാഹരണങ്ങൾ മാത്രമാണ്. പത്മജച്ചേച്ചിയെപ്പോലെ ഇനിയും ഒരുപാട് പേർ ബിജെപിയിൽ ചേരും. പത്തോളം മുൻമുഖ്യമന്ത്രിമാർ ബിജെപിയിൽ ചേർന്നു. പത്ത് വർഷമായി കോൺഗ്രസിന്റെ പോക്ക് ശരിയല്ല. കേരളത്തിൽ ബിജെപി വളരാൻ തുടങ്ങുകയാണ്. ഇന്നല്ലെങ്കിൽ നാളെ ബിജെപി കേരളത്തിലെ ഒന്നാമത്തെ പാർട്ടിയാകുമെന്ന് അനിൽ കൂട്ടിച്ചേർത്തു.
ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ് തവിട് പൊടിയാകും. കോൺഗ്രസിനകത്ത് നിന്നിട്ട് ഒരു കാര്യവുമില്ല. മോദിയുടെ വീക്ഷണത്തിനൊപ്പം നിൽക്കാനാണ് പത്മജച്ചേച്ചി ബിജെപിയിൽ ചേർന്നത്. മറ്റൊന്നിനും വേണ്ടിയും ആരും ബിജെപിയിൽ ചേരാറില്ല. കോൺഗ്രസിന് വലിയ പരാജയം സംഭവിക്കാൻ പോവുകയാണ്. മുൻ സർക്കാരുകൾ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. അതിന്റെ ഉദാഹരണങ്ങൾ നിരവധിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മടിയിൽ കനമുള്ളവരാണ് കേന്ദ്ര ഏജൻസികളെ പേടിച്ചോടുന്നത്. മോദി സർക്കാരിന്റെ കാലത്ത് കേന്ദ്ര ഏജൻസികൾ സ്വതന്ത്രമായി പ്രവർത്തിക്കുകയാണ്. അച്ഛനെന്ന നിലയിൽ എ കെ ആന്റണിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയവും തനിക്ക് തന്റെ രാഷ്ട്രീയമെന്നും അനിൽ ആന്റണി പറഞ്ഞു.












