ഇടുക്കി: സംസ്ഥാനത്ത് വീണ്ടും നരബലി നടന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . നവജാത ശിശു അടക്കം രണ്ട് പേരെ നരബലിയുടെ പേരിൽ കൊലപ്പെടുത്തിയെന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
മോഷണക്കേസിൽ രണ്ട് യുവാക്കളെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്. കാഞ്ചിയാർ കാക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു (27), പുത്തൻപുരയ്ക്കൽ രാജേഷ് എന്ന നിതീഷ് (31 ) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ ദിവസങ്ങൾ പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കൊല്ലപ്പെട്ടത്.
കട്ടപ്പന സാഗര ജംഗ്ഷനിലുള്ള പഴയ വീടിനുള്ളിലാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടത് എന്ന് വിഷ്ണു പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടിലെത്തി മൃതദേഹങ്ങൾ കണ്ടെടുക്കാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. നിതീഷിന്റെ നിർദ്ദേശ പ്രകാരമാണ് നരബലി നടത്തിയത്. നവജാത ശിശുവിന്റെ പിതാവ് കൂടിയാണ് നിതീഷ്. ഗന്ധർവന്റെ അനുഗ്രഹം വാങ്ങാൻ എന്ന പേരിലാണ് കുട്ടിയെ വിഷ്ണു സഹോദരിയുടെ പക്കൽ നിന്നും എടുത്തുകൊണ്ടുവന്നത് എന്നാണ് വിവരം. ശനിയാഴ്ചയാണ് നഗരത്തിലെ വർക്ക്‌ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post