തിരുവനന്തപുരം : ക്ഷേമ പെൻഷൻ നൽകാത്തത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഇടതുമുന്നണി യോഗത്തിൽ വിമർശനം. സിപിഐ ആണ് വിമർശനമുന്നയിച്ചത്. ഏഴുമാസത്തെ ക്ഷേമ പെൻഷൻ ആണ് കുടിശ്ശിക ആയിട്ടുള്ളത്. ഇത് ജനങ്ങൾക്കിടയിൽ ഇടതുവിരുദ്ധ വികാരം സൃഷ്ടിക്കുമെന്നും സിപിഐ വിമർശനമുന്നയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് സിപിഐ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അറിയിച്ചത്. പെൻഷൻ നൽകാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാം എന്നും പിണറായി വിജയൻ വ്യക്തമാക്കി.
വന്യജീവി ആക്രമണങ്ങളെ കുറിച്ചാണ് ഇടത് സഖ്യകക്ഷിയായ എൻ സി പിക്ക് യോഗത്തിൽ പരാമർശിക്കാൻ ഉണ്ടായിരുന്നത്. തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ വിഷയമായി മാറുന്നുണ്ടെന്ന് എൻസിപി സൂചിപ്പിച്ചു. കേന്ദ്ര വനം നിയമമാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി പ്രചാരണം നടത്തണമെന്നാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചത്.
Discussion about this post