ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഇൻഡി സഖ്യം സെൽഫ് ഗോൾ അടിക്കുന്നതിന് തുല്യം ആണെന്ന് തുറന്ന് പറഞ്ഞ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. അത്തരത്തിലൊരു നടപടി നമ്മൾ സെൽഫ് ആയി ഗോൾ അടിക്കുന്നത് പോലെയോ അല്ലെങ്കിൽ ഗോളിയെ മാറ്റി നിർത്തിയിട്ട് ഗോളടിക്കാൻ മോദിക്ക് ബോൾ കൊടുക്കുന്നത് പോലെയോ ആണ്. അദ്ദേഹത്തിന്റെ പണി കുറച്ചു കൊടുക്കുകയാണ് സത്യത്തിൽ പ്രതിപക്ഷം ഇതിലൂടെ ചെയ്യുന്നത്, ഒമർ അബ്ദുള്ള വ്യക്തമാക്കി.
മോദിക്ക് കുടുംബം ഇല്ലാത്തത് കൊണ്ടാണ്, കുടുംബവാഴ്ചയെ അദ്ദേഹം ഇത്ര ശക്തമായി എതിർക്കുന്നത് എന്ന ലാലു പ്രസാദ് യാദവിന്റെ പരാമർശത്തിനെതിരെ ശക്തമായി പ്രതികരിക്കുകയായിരുന്നു മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും ഇൻഡി സഖ്യകക്ഷി നേതാവുമായ ഒമർ അബ്ദുള്ള. ഇത്തരം പരാമർശങ്ങൾ നമ്മെ ഒരിക്കലും സഹായിച്ചിട്ടില്ലെന്നും മറിച്ച് അത് നമുക്ക് ഹാനികരമായി മാത്രമേ വന്നിട്ടുള്ളൂ എന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി
ഞാൻ ഒരിക്കലും ഇത്തരം മുദ്രാവാക്യങ്ങളെ അനുകൂലിച്ചിട്ടില്ലെന്നും അവയിൽ നിന്ന് ഞങ്ങൾക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും എപ്പോഴൊക്കെ ഇത്തരം മുദ്രാവാക്യങ്ങൾ ഉപയോഗിക്കുമ്പോഴും അത് ഞങ്ങൾക്ക് തന്നെയാണ് ദോഷം ചെയ്തതെന്നും ഒമർ പറഞ്ഞു.
“ഇതൊന്നും വോട്ടർമാരെ സ്വാധീനിക്കുന്നില്ല, അവർ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമെന്ന് മാത്രമേ അവർ ചിന്തിക്കുന്നുള്ളൂ അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച ശ്രീനഗറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നാഷണൽ കോൺഫറൻസ് നേതാവ് ഇക്കാര്യം വ്യക്തമാക്കിയത് .
Discussion about this post