തിരുവനന്തപുരം : കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വൻ തുകയാണ് കുടിശ്ശികയായി ലഭിക്കാനുള്ളതെന്ന് കെഎസ്ഇബി. സർക്കാർ തരാനുള്ള പണം ഉടൻ ലഭിച്ചില്ലെങ്കിൽ പരീക്ഷക്കാലം ആണെന്ന് നോക്കാതെ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ബിൽ കുടിശ്ശിക പിരിക്കാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾ ഫലം കാണാതെ ആയതോടെയാണ് ലോഡ് ഷെഡിങ്ങിലേക്ക് പോകേണ്ടി വരുമെന്ന് കെഎസ്ഇബി സൂചിപ്പിക്കുന്നത്.
ഡാമുകളിൽ വെള്ളം കുറഞ്ഞതോടെ മുൻകൂർ പണം അടച്ച് വൈദ്യുതി വാങ്ങേണ്ട അവസ്ഥയാണുള്ളത്. വൈദ്യുതി ബിൽ കുടിശ്ശികകൾ വർദ്ധിച്ചതും നഷ്ടത്തിലാണ് എന്നുള്ളതും കാരണം കെഎസ്ഇബിക്ക് വായ്പ പോലും കിട്ടാനില്ല. റിസർവ്ബാങ്ക് വായ്പ വിലക്കിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടികയിലാണ് നിലവിൽ കെഎസ്ഇബി ഉള്ളത്. സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, വാട്ടർ അതോറിറ്റി എന്നിവയിൽ നിന്നും ഭീമമായ കുടിശ്ശികയാണ് ലഭിക്കാൻ ഉള്ളത് എന്നതും കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കുന്നു.
കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് മാത്രം കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശ്ശിക 1768.8 കോടി രൂപയാണ്. വാട്ടർ അതോറിറ്റിയിൽ നിന്നു മാത്രമായി 1617 കോടി രൂപയും കുടിശ്ശികയായി ലഭിക്കാനുണ്ട്. കുടിശ്ശിക തീർപ്പാക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി യോഗം വിളിച്ചെങ്കിലും ചർച്ച വിജയിച്ചില്ല. വൈദ്യുതി വിച്ഛേദിച്ചാൽ കുടിവെള്ള വിതരണം അടക്കമുള്ളവ മുടങ്ങും എന്നതിനാൽ കടുത്ത നടപടിക്കും സർക്കാർ അനുമതിയില്ല. ഇക്കാരണങ്ങളാൽ കടുത്ത പ്രതിസന്ധിയാണ് നിലവിൽ കെഎസ്ഇബി നേരിടുന്നത്.
Discussion about this post