ന്യൂഡൽഹി: തേജസ് യുദ്ധ വിമാനങ്ങൾ ഫിലിപ്പീൻസിലേക്കു കയറ്റുമതി ചെയ്യാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് സൂചന.ഇന്ത്യയിൽ നിർമിച്ച ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ്(എൽസിഎ) തേജസിൽ ഫിലിപ്പീൻസ് വ്യോമസേനക്ക് അനുയോജ്യമായ പ്രതിരോധ ആയുധങ്ങൾ കൂടി ഉൾപ്പെടുത്തിയാവും കയറ്റുമതി ചെയ്യുക. ഇതു സംബന്ധിച്ച ചർച്ചകൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും ഫിലിപ്പൈൻ എയറോസ്പേസ് ഡെവലപ്മെന്റ് കോർപറേഷനും തമ്മിൽ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
എൽസിഎ തേജസ് എംകെ 1 നേവൽ പതിപ്പാണ് ഫിലിപ്പൈൻസിന് കൈമാറുക. ഈ യുദ്ധവിമാനങ്ങൾ സ്വന്തം രാജ്യത്ത് നിർമ്മിക്കാനുള്ള സഹായവും ഇന്ത്യ ഫിലിപ്പൈൻസിന് വാഗ്ദാനം ചെയ്തിരുന്നു. ഫിലിപ്പീൻസ് ഈ ഓഫർ അംഗീകരിച്ചാൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ വലിയ മാറ്റം ഉണ്ടായേക്കും. ഫിലിപ്പീൻസിന് പുറമേ തേജസ് വിമാനങ്ങൾ വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ച് നൈജീരിയ, അർജന്റീന, ഈജിപ്ത് എന്നീ രാജ്യങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു,
ഉയർന്ന അപകടസാധ്യതയുള്ള അന്തരീക്ഷത്തിലും പ്രവർത്തിക്കാൻ ശേഷിയുള്ള ഒറ്റ എഞ്ചിൻ മൾട്ടി-റോൾ യുദ്ധവിമാനമാണ് തേജസ്. വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ആക്രമണം എന്നിവയ്ക്ക് ഉതകുന്ന രീതിയിലാണ് വിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തേജസ് എംകെ1എ യുദ്ധവിമാനങ്ങളില്‍ ബ്രഹ്‌മോസ് എന്‍ജി മിസൈല്‍ കൂടി ഘടിപ്പിച്ച ശേഷമാവും ഫിലിപ്പീന്‍സിന് കൈമാറുക. തേജസ് പോര്‍വിമാനങ്ങളെ ഭാഗങ്ങളായി കൊണ്ടുപോയി ഫിലിപ്പീന്‍സില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന കാര്യത്തിലും എച്ച്എഎല്ലും ഫിലിപ്പൈന്‍ എയറോസ്‌പേസ് ഡെവലപ്‌മെന്റ് കോര്‍പറേഷനും(പിഎഡിസി) തമ്മില്‍ ധാരണയായിട്ടുണ്ട്. വ്യോമയാന പ്രതിരോധ മേഖലയില്‍ തദ്ദേശീയമായി ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഫിലിപ്പീന്‍സ് ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ സഹകരണം ഫിലിപ്പീന്‍സ് പ്രതീക്ഷിക്കുന്നുമുണ്ട്.
Discussion about this post