കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും ക്രിമിനൽ കേസ് പ്രതിയുമായ ഷാജഹാൻ ഷെയ്ഖിന്റെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ഈ മാസം 14 വരെ കസ്റ്റഡിയിൽ വയ്ക്കാനാണ് കോടതിയുടെ ഉത്തരവ്. സിബിഐയുടെ അപേക്ഷ പ്രകാരമാണ് കോടതിയുടെ നടപടി.
ഇഡിയെ ആക്രമിച്ച കേസിലാണ് നിലവിൽ ഷാജഹാൻ ഷെയ്ഖ് അറസ്റ്റിലായിട്ടുള്ളത്. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് കോടതി ഇടപെട്ട് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. മാർച്ച് ആറിനായിരുന്നു ഷാജഹാനെ സിബിഐ കസ്റ്റഡിയിൽ എടുത്തത്. ഈ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതേ തുടർന്ന് വീണ്ടും കോടതിയിൽ ഹാജരാക്കുകയായിരുന്നു.
നോർത്ത് 24 പർഗനാസിലെ ബാസിർഹട്ട് കോടതിയിൽ ആയിരുന്നു ഷാജഹാൻ ഷെയ്ഖിനെ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങൾ ഇനിയും ലഭിക്കാൻ ഉണ്ടെന്നും, അതിനാൽ ഷാജഹാനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്നും സിബിഐ ഇഡിയോട് ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ചുകൊണ്ടായിരുന്നു ഷാജഹാൻ ഷെയ്ഖിനെ കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 14 ന് ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കും.
ജനുവരി അഞ്ചിനായിരുന്നു ഷാജഹാൻ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള സംഘം ഇഡിയെ ആക്രമിച്ചത്. റേഷൻ വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഷാജഹാനെതിരെ പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് വീട്ടിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു ഇഡി. ഇതിനിടെയായിരുന്നു ആക്രമണം.
Discussion about this post