സനാ: യെമനിൽ കൊടും ഭീകരനായ അൽ ഖ്വായ്ദ നേതാവ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ. അൽ ഖ്വായ്ദ യെമൻ ഘടകം നേതാവും നിരവധി ഭീകരാക്രമങ്ങളുടെ ആസൂത്രകനുമായ ഖാലിദ് അൽ ബത്താർഫിയെ ആണ് മരിച്ചത്. സംഭവത്തിൽ വിവിധ ഏജൻസികൾ ഉൾപ്പെടെ അന്വേഷണം നടത്തിവരികയാണ്.
ഖാലിദിന്റെ അന്ത്യകർമ്മങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ അൽഖ്വായ്ദ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ഖാലിദിന്റെ മുഖത്ത് സാരമായ പരിക്കുള്ളതായി കാണാം. സാധാരണ മരണമല്ല സംഭവിച്ചിരിക്കുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാണ്. ആരോ കൊലപ്പെടുത്തിയതാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങൾ ഭീകര സംഘടനയും പുറത്തുവിട്ടിട്ടില്ല. അള്ളാഹു ഖാലിദിന്റെ ആത്മാവിനെ സ്വീകരിച്ചിരിക്കുന്നുവെന്നായിരുന്നു മരണത്തോട് ഭീകര സംഘടന പ്രതികരിച്ചത്.
അറേബ്യൻ പെന്നിസുല കേന്ദ്രീകരിച്ചാണ് ഇയാളുടെ നേതൃത്വത്തിൽ അൽഖ്വായ്ദ പ്രവർത്തിച്ചിരുന്നത്. അൽഖ്വായ്ദയുടെ തന്നെ ഏറ്റവും അപകടകാരിയായ സംഘമാണ് ഇവരുടേത്. അമേരിക്കയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഖാലിദിന്റെ നേതൃത്വത്തിൽ വൻ ഭീകരാക്രമണങ്ങൾ നടന്നിരുന്നു. ഇതേ തുടർന്ന് അഞ്ച് മില്യൺ അമേരിക്കൻ ഡോളറായിരുന്നു ഇയാളുടെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നത്.
അതേസമയം ഖാലിദ് കൊല്ലപ്പെട്ട സാഹചര്യത്തിൽ പുതിയ നേതാവിനെ റംസാൻ ദിനത്തിൽ അൽഖ്വായ്ദ പ്രഖ്യാപിക്കും.
Discussion about this post