വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറെ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തെലങ്കാനയിലെ ഹൈദരാബാദ്. എഐഎംഐഎമ്മിന്റെ ശക്തി കേന്ദ്രമായ ഹൈദരാബാദ് മണ്ഡലത്തിൽ അസദുദ്ദീൻ ഒവൈസിക്ക് വെല്ലുവിളി ഉയർത്തുകയാണ് ബിജെപി സ്ഥാനാർത്ഥി കൊമ്പെല്ല മാധവി ലത. സാമൂഹ്യ പ്രവർത്തകയും ഭരതനാട്യം നർത്തികയുമായ 49കാരി ഇതിനകം മണ്ഡലത്തിൽ വലിയ തരംഗം ഉണ്ടാക്കിയിരിക്കുകയാണ്.
മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ ഹൈദരാബാദ് കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഒവൈസിയുടെ പാർട്ടി കുത്തകയായി വെച്ചിരിക്കുകയാണ്. എന്നാൽ, പ്രദേശത്തെ മുസ്ലീങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്ന മാധവി ലതയുടെ സ്ഥാനാർത്ഥിത്വം ഇത്തവണത്തെ മത്സരത്തിന്റെ ചൂട് വർദ്ധിപ്പിച്ചിട്ടുണ്ട്.
മുത്തലാഖിനെതിരെ മുസ്ലിം സ്ത്രീകളെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിച്ച കൊമ്പെല്ല മാധവി ലത, ഹൈദരാബാദുകാർക്കിടയിൽ സുപരിചിതയാണ്. മുസ്ലീം വനിതാ ഗ്രൂപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന മാധവി, നഗരത്തിലെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികളിൽ പങ്കാളിയാണ്. സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന മുസ്ലിം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക ഫണ്ട് സമാഹരിച്ച് വിതരണം ചെയ്യുന്നതിലും സജീവമാണ് മാധവി ലത.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് ക്യാംപയിനിൽ ആകൃഷ്ടയായി പഴയ ഹൈദരാബാദ് നഗര പരിധിയിൽ മാത്രം 2000ത്തിലധികം ശൗചാലയങ്ങളാണ് കൊമ്പെല്ല മാധവി ലതയുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്. ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപുകൾ നടത്തുന്നതിലും മുൻപന്തിയിലാണ് ഊർജ്ജസ്വലയായ ഈ വനിത. കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർക്കൊപ്പം പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
പതിറ്റാണ്ടുകളായി ഒവൈസി കുടുംബത്തിന്റെ അധീനതയിലുള്ള ഹൈദരാബാദ് മണ്ഡലത്തിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് മാധവി ലതയുടെ പ്രചാരണം. ഹൈദരാബാദ് വികസിക്കുമ്പോഴും പഴയ നഗരഭാഗത്തെ ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യത്തിൽ കഴിയുകയാണെന്നാണ് മാധവി പറയുന്നത്. എംപി എന്ന നിലയിൽ അസദുദ്ദീൻ ഒവൈസി വൻ പരാജയമാണെന്ന് തെളിവുകൾ സഹിതം ബിജെപി സ്ഥാനാർത്ഥി സമർത്ഥിക്കുന്നു.
സാമൂഹ്യ പ്രവർത്തക എന്നതിനൊപ്പം ആത്മീയ പ്രഭാഷക എന്ന നിലയിലും പ്രശസ്തയാണ് കൊമ്പെല്ല മാധവി ലത. ഹൈദരാബാദിൽ ക്ഷേത്രങ്ങളും ഹിന്ദു വീടുകളും അനധികൃതമായി കൈയേറുന്നതിനെതിരെ ശബ്ദം ഉയർത്താനും അവർ മറക്കുന്നില്ല. സനാതന ധർമ്മം സമാധാനവും മൈത്രിയും വിഭാവനം ചെയ്യുന്നുവെന്ന പക്ഷക്കാരിയാണ് മാധവി.
ഹൈദരാബാദിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായ മാധവി ലത, പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഹിന്ദു മതത്തിലും ഭാരതീയ സംസ്കാരത്തിലും അഗാധ പാണ്ഡിത്യമുള്ള മാധവിയുടെ പ്രഭാഷണങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കുന്നു. ഹൈദരാബാദിലെ പ്രശസ്തമായ വിരിഞ്ചി ഹോസ്പിറ്റല്‍സിന്റെ ചെയര്‍പേഴ്സൺ പദവി ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. വിരിഞ്ചി ഹോസ്പിറ്റൽ സ്ഥാപകനായ വിശ്വനാഥിന്റെ ഭാര്യയായ മാധവി ലത മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ ഡോ. ഭഗവന്ത് റാവുവിനെ വൻ ഭൂരിപക്ഷത്തിനാണ് ഒവൈസി തോൽപ്പിച്ചത്. ബിജെപിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ടിആർഎസ്. തെലങ്കാനയിൽ അടുത്തിടെ ശക്തി വർദ്ധിപ്പിച്ച ബിജെപി, ഹൈദരാബാദ് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മുഖ്യപ്രതിപക്ഷമായി ഉയർന്നിരുന്നു. എന്തായാലും, ബഹുമുഖ പ്രതിഭയായ മികച്ച സ്ഥാനാർത്ഥിയെ ബിജെപി രംഗത്തിറക്കിയ സാഹചര്യത്തിൽ ഹൈദരാബാദ് മണ്ഡലത്തിൽ ഒവൈസിക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ.
Discussion about this post