ചെന്നൈ : തമിഴ്നാട്ടിൽ കഴിഞ്ഞദിവസം ഒരു ചെറുനാരങ്ങ ലേലത്തിൽ വിറ്റു പോയത് 35000 രൂപയ്ക്കാണ്. ശിവഗിരി ഗ്രാമത്തിൽ നടന്ന ലേലത്തിൽ ഈറോഡ് സ്വദേശിയായ ഒരു വ്യക്തിയാണ് 35,000 രൂപ കൊടുത്ത് ഈ ചെറുനാരങ്ങ സ്വന്തമാക്കിയത്. ഇത്രയും വലിയ തുക കൊടുത്തു ഈ ചെറുനാരങ്ങ സ്വന്തമാക്കാൻ ഈ വ്യക്തി തയ്യാറായതിന് പിന്നിൽ ഒരു കാരണവും ഉണ്ട്.
ശിവഗിരിയിലെ പ്രശസ്തമായ പഴപൂസിയൻ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവ ഭഗവാന് നേദിച്ച ചെറുനാരങ്ങയാണ് 35,000 രൂപയ്ക്ക് ലേലം ചെയ്യപ്പെട്ടത്. ക്ഷേത്ര ആചാരങ്ങളുടെ ഭാഗമായി എല്ലാവർഷവും നടത്തുന്നതാണ് ഇത്തരത്തിലുള്ള ലേലം. എല്ലാവർഷവും ശിവരാത്രി ആഘോഷങ്ങൾക്ക് ക്ഷേത്രത്തിൽ പഴങ്ങൾ, ചെറുനാരങ്ങ എന്നിവ നേദിക്കുന്നതാണ്. പിന്നീട് ഇവ ഭക്തർക്ക് ലേലം ചെയ്യുകയാണ് പതിവ്.
കഴിഞ്ഞ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചതും ഈ ചെറുനാരങ്ങക്കാണ്. പതിനഞ്ച് ഭക്തരാണ് ഈ ചെറുനാരങ്ങയ്ക്ക് ആയി നടന്ന ലേലത്തിൽ പങ്കെടുത്തത്. ക്ഷേത്രത്തിലെ മേൽശാന്തിയുടെ കാർമികത്വത്തിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമാണ് നാരങ്ങ ലേലത്തിനായി വെച്ചത്. ഏറ്റവും കൂടുതൽ തുക നൽകി ചെറുനാരങ്ങ സ്വന്തമാക്കുന്നവർക്ക് വർഷങ്ങളോളം സമൃദ്ധിയും ആരോഗ്യവും ലഭിക്കുമെന്നാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസം. ഈ വിശ്വാസത്തിന്റെ ഭാഗമായി എല്ലാവർഷവും ഇത്തരത്തിൽ ലേലം നടക്കാറുണ്ടെങ്കിലും ഇത്രയും വലിയൊരു തുകയ്ക്ക് ചെറുനാരങ്ങ സ്വന്തമാക്കുന്നത് ആദ്യമായാണ് എന്നാണ് സംഘാടകർ അറിയിക്കുന്നത്.
Discussion about this post