തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ വർദ്ധിപ്പിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ജ്യൂസ് കടകളിലും കുപ്പിവെള്ളം വിൽക്കുന്ന കടകളിലുമുൾപ്പെടെയാണ് പരിശോധന നടത്തുന്നത്. പുറത്ത് നിന്നും വെള്ളം കുടിക്കുന്നവർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും മന്ത്രി അറിയിച്ചു.
കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായുള്ള പരിശോധനകളും ശക്തമാക്കും. വഴിയോരങ്ങളിലെ ചെറിയ കടകളിലും പരിശോധന നടത്തും. ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകളിൽ നടത്തുന്ന പരിശോധനകൾ ഇനിയും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ചൂട് കാലമായതിനാൽ തന്നെ ദാഹം തോന്നിയില്ലെങ്കിലും നിർബന്ധമായും വെള്ളം കുടിക്കണം. എന്നാൽ, കുടിക്കുന്ന പാനീയങ്ങൾ വൃത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തണം. ജ്യൂസിൽ ഉപയോഗിക്കുന്ന ഐസാണ് വേനൽ കാലത്ത് ഏറ്റവും അപകടകരം. മലിന ജലത്തിൽ നിന്നും ഉണ്ടാക്കുന്ന ഐസും വൃത്തിയില്ലാത്ത വെള്ളവും കൊണ്ടുണ്ടാക്കുന്ന പാനീയങ്ങൾ പലതരത്തിലുള്ള അസുഖങ്ങൾക്കും കാരണമാകുന്നു.
കഴിക്കുന്ന ഭക്ഷണത്തിലും പ്രത്യേകം ശ്രദ്ധ പുലർത്തണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കുക. ഭക്ഷണ പാഴ്‌സലുകളിൽ തിയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. യാത്രാവേളയിൽ വെള്ളം കുപ്പിയിൽ കരുതുക. അംഗീകൃതമല്ലാത്ത വെള്ളം വിറ്റാൽ കർശന നടപടി സ്വീകരിക്കുമെന്നും വീണാ ജോൾജ് അറിയിച്ചു.
കുപ്പി വെള്ളം വാങ്ങുന്നവർ കുപ്പിയിൽ ഐഎസ്‌ഐ മുദ്രയുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കുക. പ്ലാസ്റ്റിക് കുപ്പിയുടെ സീൽ പൊട്ടിച്ചില്ലെന്നതും ഉറപ്പ് വരുത്തണം. കുപ്പിയുടെ അടപ്പിലെ സീൽ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക. വലിയ ക്യാനുകളിൽ വരുന്ന വെള്ളത്തിനും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. കടകളിൽ ശീതള പാനീയങ്ങൾ വെയിൽ ഏൽക്കുന്ന നിലയിൽ വച്ചിട്ടുണ്ടെങ്കിൽ അത് വാങ്ങി കുടിക്കാതിരിക്കുക.
Discussion about this post