ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതകത്തിൽ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പത്തംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിലായിരിക്കും തുടരന്വേഷണം. എറണാകുളം റെയ്ഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇക്കാര്യം അറിയിച്ചത്.
മോഷണ ശ്രമത്തിനിടെ കാലൊടിഞ്ഞ് ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന വിഷ്ണുവിനെ കൂടി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഇയാളെ കൂടി ചോദ്യം ചെയ്താൽ മാത്രമേ കേസിൽ കൂടുതൽ വ്യക്തത വരൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിലെ മുഖ്യപ്രതിയായ നിതീഷ്, കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
മൂന്ന് ദിവസമായി പോലീസ് കസ്റ്റഡിയിൽ കഴിയുന്ന നിതീഷിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിതീഷ് മൊഴി മാറ്റിക്കൊണ്ടിരിക്കുന്നത് പോലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. അതേസമയം, കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഡിഐജി പുട്ട വിമലാദിത്യ അറിയിച്ചു.
Discussion about this post