ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നുണ പ്രചാരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. നുണകൾ പറയുന്നത് നിർത്തൂവെന്ന് ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് പറഞ്ഞു. പണം ചിലവഴിച്ച് പാകിസ്താനികൾക്കും ബംഗ്ലാദേശികൾക്കും വീടും ജോലിയും നൽകി ഇന്ത്യയുടെ പൗരന്മാരാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന പരാമർശത്തിനെതിരെയായിരുന്നു ബിജെപിയുടെ വിമർശനം.
‘എന്ത് യുക്തിയാണ് അരവിന്ദ് കെജ്രിവാൾ പറയുന്നതിലുള്ളത്? ഇന്ത്യയിലേക്ക് വന്ന ഇവരൊക്കെ ആരാണ്? പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെല്ലാം പീഡിപ്പിക്കപ്പെട്ടവരാണ് ഇവർ. അവർക്ക് അഭയം കൊടുക്കുക എന്നത് നമ്മുടെ ധാർമിക ഉത്തരവാദിത്വമല്ലേ?
സിഎഎ എന്നത് പൗരത്വം നൽകലാണ്. ആരുടെയും ജോലിയോ പൗരത്വമോ സിഎഎ തട്ടിപ്പറിക്കില്ല. ഇന്ത്യയിലെ മുസ്ലീം വിഭാഗവുമായി ഇതിന് ഒരു ബന്ധവുമില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിലും വ്യക്തമാക്കിയിട്ടുണ്ട്. അതുെകാണ്ട് തന്നെ പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് നുണകൾ പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കൂവെന്നും രവി ശങ്കർ പ്രസാദ് പറഞ്ഞു.
പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുന്നതിലൂടെ പാകിസ്താനികൾക്കും ബംഗ്ലാദേശികൾക്കും അഫ്ഗാനികൾക്കുമെല്ലാം ബിജെപി സർക്കാർ ഇന്ത്യയിലേക്കുള്ള വാതിൽ തുറന്നുകൊടുക്കുകയാെണന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവന. ഇതിൽ ഏറ്റവും കൂടുതൽ അപകടത്തിലാകുക അസം പോലെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളാകും. മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർ അസമിന്റെ സംസ്‌കാരം ഇല്ലാതാക്കുമെന്നും കെജ്രിവാൾ ആരോപിച്ചു.
Discussion about this post