പത്തനംതിട്ട : പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് അനുകൂലമായ പ്രസ്താവന നടത്തിയ പത്തനംതിട്ടയിലെ സിറ്റിംഗ് എംപി ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആരുടെ വോട്ടിന് വേണ്ടിയാണ് ആന്റോ ആന്റണി ഇത്തരത്തിൽ നീചമായ പ്രസ്താവനകൾ നടത്തുന്നതെന്നും കെ സുരേന്ദ്രൻ ചോദ്യമുന്നയിച്ചു.
പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് യാതൊരു പങ്കുമില്ലെന്നും 44 സൈനികരുടെ ജീവൻ ബലികൊടുത്തത് കൊണ്ടാണ് കഴിഞ്ഞതവണ നരേന്ദ്രമോദി അധികാരത്തിൽ വന്നത് എന്നുമായിരുന്നു ആന്റോ ആന്റണിയുടെ വിവാദ പ്രസ്താവന. ആരുടെ വോട്ടിന് വേണ്ടിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത് എന്ന് ആന്റോ ആന്റണി വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആന്റോയുടെ പാക് അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്നേഹികൾ വോട്ടിലൂടെ മറുപടി പറയും എന്നും സുരേന്ദ്രൻ വ്യക്തമാക്കി.
രാജ്യത്തെ അപമാനിക്കുകയും വീരമൃതി വരിച്ച 44 സൈനികരെ അവഹേളിക്കുകയും ചെയ്യുന്ന വാക്കുകളാണ് ആന്റോ ആന്റണിയിൽ നിന്നും ഉണ്ടായതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സൈന്യത്തിന്റെ ആത്മവീര്യം ചോദ്യം ചെയ്യുകയാണ് ആന്റോ ചെയ്തത്. നീചമായ ഈ പ്രസ്താവന നടത്തിയതിന് ആന്റോ ആന്റണിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം എന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Discussion about this post