ലഖ്‌നൗ : ഉത്തർപ്രദേശിലെ മുൻ എംഎൽഎയും കുപ്രസിദ്ധ ഗുണ്ടാനേതാവുമായ മുഖ്താർ അൻസാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. വാരാണസിയിലെ പ്രത്യേക എംപി/എംഎൽഎ കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചിരിക്കുന്നത്. 34 വർഷം പഴക്കമുള്ള വ്യാജ ആയുധ ലൈസൻസ് കേസിലാണ് ബുധനാഴ്ച മുഖ്താർ അൻസാരിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ബഹുജൻ സമാജ് വാദി പാർട്ടി നേതാവായ മുഖ്താർ അൻസാരി മുൻ ഉപരാഷ്ട്രപതിയായിരുന്ന മുഹമ്മദ് ഹമീദ് അൻസാരിയുടെ ബന്ധുകൂടിയാണ്. ഉത്തർപ്രദേശിലെ മവു നിയോജകമണ്ഡലത്തിൽ നിന്ന് അഞ്ചുതവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യകാല പ്രസിഡന്റ് ആയിരുന്ന മുഖ്താർ അഹമ്മദ് അൻസാരിയുടെ ചെറുമകൻ കൂടിയായ മുഖ്താർ അൻസാരി മഖാനു സിംഗ് ഗുണ്ടാ സംഘത്തിലെ അംഗം ആയാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്.
മുസ്ലിം ഭൂരിപക്ഷ മേഖലയായ മവു മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഉത്തർപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന മുഖ്താർ അൻസാരി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ബിജെപി നേതാവായ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയത് അടക്കമുള്ള കേസുകളിൽ മുഖ്താർ അൻസാരി ഉൾപ്പെട്ടിരുന്നു എങ്കിലും അക്കാലത്ത് ഉത്തർപ്രദേശിൽ ശക്തമായ രാഷ്ട്രീയ സ്വാധീനം ഇയാൾക്ക് ഉണ്ടായിരുന്നതിനാൽ എല്ലാ കേസുകളിൽ നിന്നും ഇയാൾ സുഗമമായി ഊരി പോന്നിരുന്നു. 2009 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുരളി മനോഹർ ജോഷിയോട് തോറ്റതോടെയാണ് മുഖ്താർ അൻസാരിയുടെ വിധി മാറിമറിയുന്നത്.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് മുഖ്താർ അൻസാരിയുടെ ഗുണ്ടാവാഴ്ചയ്ക്ക് അന്ത്യം കുറിച്ചത്. വർഷങ്ങൾക്കു മുൻപ് ബിജെപി എംഎൽഎ ആയിരുന്ന കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിൽ യോഗി സർക്കാർ മുഖ്താർ അൻസാരിയെ അറസ്റ്റ് ചെയ്തു. ഈ കേസിൽ 2023ല്‍ എംപി എംഎൽഎ കോടതി ഇയാൾക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇപ്പോൾ 34 വർഷങ്ങൾക്ക് മുൻപുള്ള വ്യാജ ആയുധ ലൈസൻസ് കേസുമായി ബന്ധപ്പെട്ടാണ് മുഖ്താർ അൻസാരിയ്ക്ക് ജീവപര്യന്തം ശിക്ഷ കൂടി ലഭിച്ചിരിക്കുന്നത്.
Discussion about this post