തിരുവനന്തപുരം; മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കൊച്ചി തൃപ്പൂണിത്തുറ സ്വദേശിനി അനഘ പി. ഫെെനലിൽ എത്തിയ എട്ട് പേരിൽ നിന്നാണ് അനഘ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. അനഘയ്ക്ക് രണ്ടരലക്ഷം രൂപയുടെ കാഷ് അവാർഡും ശില്പവും സർട്ടിഫിക്കറ്റും ലഭിച്ചു. ഇതിന് മുൻപ് ഗാന്ധി ജയന്തി ദിനത്തിൽ പാർലമെന്റിൽ പ്രസംഗം നടത്തി ശ്രദ്ധ നേടിയ ആളാണ് അനഘ. കളമശ്ശേരി കുസാറ്റിലെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് വിദ്യാർത്ഥിയാണ് അനഘ.
ഫെഡറൽ ബാങ്കും മാതൃഭൂമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയാണ് സ്പീക്ക് ഫോർ ഇന്ത്യ ഇന്റർകൊളിജീയേറ്റ് ഡിബേറ്റ് മത്സരം. റണ്ണറപ്പായ ഉത്തരയ്ക്ക് ഒന്നരലക്ഷം രൂപയാണ് കാഷ് അവാർഡ് ലഭിച്ചത്. ഫൈനലിലെത്തിയ മറ്റ് ആറുപേർക്ക് 35,000 രൂപ വീതവും ലഭിച്ചു.
ആർത്തവ അവധി സ്ത്രീകളുടെ കരിയർ സാധ്യതകൾക്ക് വിലങ്ങുതടിയാകും’ എന്ന വിഷയത്തിലായിരുന്നു ആദ്യറൗണ്ട് മത്സരം. രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാലുപേർ ‘മലയാളി പൊളിയാണ്’എന്ന വിഷയത്തിലാണ് മത്സരിച്ചത്. ഗ്രാൻഡ് ഫൈനൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ അർജുൻ അശോകൻ, അപർണ ദാസ് എന്നിവർ മുഖ്യാതിഥികളായി. സമാപന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ സമ്മാനങ്ങൾ വിതരണം ചെയ്തു.
അറിവും ആശയവും സംവാദത്തിലൂടെ മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്ന പ്രതിഭകൾക്ക് ആറുലക്ഷത്തിലധികം രൂപയുടെ ക്യാഷ് പ്രൈസും മറ്റു സമ്മാനങ്ങളുമാണ് നൽകിയത്.
Discussion about this post