ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ, പഞ്ചാബ് കേഡറിലുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. സുഖ്ബീർ സിംഗ് സന്ധു, എന്നിവരാണ് ചുമതലയേറ്റത്.
തിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഉടൻ യോഗം ചേരും. വോട്ടെടുപ്പിനുള്ള എല്ലാ കാര്യങ്ങളും സജ്ജമായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രധാനമന്ത്രി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുത്തത്. സമിതിയിൽ പ്രധാനമന്ത്രി നിർദേശിച്ച ഒരു കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവ് ലോക്‌സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയും അംഗമായിരുന്നു.
ഫെബ്രുവരിയിൽ അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ചതിന് ശേഷം പകരം തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുത്തിരുന്നില്ല. അരുൺ ഗോയൽ കഴിഞ്ഞ ആഴ്ച്ച രാജി വച്ചതോടെ കമ്മീഷൻ ചീഫ് ഇലക്ഷൻ കമ്മീഷൻ രാജീവ് കുമാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെയാണ് പുതിയ കമ്മീഷണർമാരെ തിരഞ്ഞെടുത്തത്.
Discussion about this post