തിരുവനന്തപുരം : ഇൻഡി സഖ്യത്തിൽ വിശ്വാസക്കുറവ് തോന്നുന്നതായി സിപിഐഎം സംസ്ഥാന അധ്യക്ഷൻ എംവി ഗോവിന്ദൻ. നിരന്തര കൂടുമാറ്റങ്ങൾ കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തു. ബിജെപിയിലേക്ക് ആരാണ് പോവാതിരിക്കുക എന്ന കാര്യത്തിൽ കോൺഗ്രസിന് ഒരു ഗ്യാരണ്ടിയും പറയാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
കോൺഗ്രസിന് അണികളെയും ജനങ്ങൾക്ക് കോൺഗ്രസിനെയും വിശ്വാസമില്ലാത്ത അവസ്ഥയാണുള്ളത്. കോൺഗ്രസിൽ സംഘടന നോക്കാൻ ആളില്ലാതായി. ദേശീയതലത്തിൽ പോലും എല്ലാ തരത്തിലും കോൺഗ്രസ് ദുർബലപ്പെട്ടു കഴിഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകൾ ചോരാതെ ഫലപ്രദമായി ബിജെപിയെ പ്രതിരോധിക്കുകയാണ് വേണ്ടത്. എന്നാൽ അക്കാര്യത്തിനായി കോൺഗ്രസിന് നേതൃപരമായ പങ്കുവഹിക്കാൻ കഴിയില്ല എന്ന് വ്യക്തമായി എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
പൗരത്വ നിയമത്തിൽ പോലും കോൺഗ്രസ് മൃദു ഹിന്ദുത്വ നിലപാട് ആണ് സ്വീകരിക്കുന്നത്. നിയമം നടപ്പാക്കരുത് എന്ന് കോൺഗ്രസിന് ആഗ്രഹമില്ല. കേരളത്തിൽ പോലും കാപട്യം നിറഞ്ഞ സമീപനമാണ് കോൺഗ്രസ് കാണിക്കുന്നത്. മുന്നണി എന്ന രീതിയിൽ കോൺഗ്രസുമായി മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് മുൻപേ ഉറപ്പുള്ള കാര്യമാണ്. ഒരു രാഷ്ട്രീയ വിഷയമായി മുന്നണിയെ മുന്നോട്ട് വയ്ക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
Discussion about this post