പത്തനംതിട്ട: യുഡിഎഫ് – എൽഡിഎഫ് സർക്കാരുകൾ മാറി മാറി ഭരിച്ച് കേരളത്തെ മുടിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവിടെ തമ്മിലടിക്കുന്ന ഇരുപാർട്ടികളും ഡൽഹിയിൽ കെട്ടിപ്പിടിക്കുകയാണ്. ഇവിടുത്തെ ശത്രുക്കൾ അവിടുത്തെ മിത്രങ്ങളാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കവേയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
ഇവിടെ എൽഡിഎഫും കോൺഗ്രസും പരസ്പരം പോരടിക്കുന്നു. എന്നാൽ, ഡൽഹിയിൽ അവർ കെട്ടിപ്പിടിക്കുന്നു. കേന്ദ്രത്തിൽ അവർ ഒന്നാണ്. പരസ്പരം അഴിമതിക്കാരെന്ന് വിളിക്കുന്നവർ ഡൽഹിയിൽ സഖ്യത്തിലാണ്. ഒരു തവണ കോൺഗ്രസ് ഒരു തവണ എൽഡിഎഫ് എന്ന ചക്രം ഇവിടെ തകർക്കണം. എന്നാൽ, മാത്രമേ കേരളത്തിലെ ജനങ്ങൾക്ക് നീതി കിട്ടൂവെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാർ വിഷയത്തെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കേരളത്തിൽ വൈദികർ പോലും ആക്രമിക്കപ്പെട്ടു. കേരളത്തിലെ ക്യാമ്പസുകൾ കമ്മ്യൂണിസ്റ്റുകാരുടെ താവളമായി മാറി. യുവജനങ്ങളും സ്ത്രീകളും ഇവിടെ ഭയപ്പാടോട് കൂടിയാണ് ജീവിക്കുന്നത്. കാലാഹരണപ്പെട്ട ആശയങ്ങളാണ് കോൺഗ്രസിനും എൽഡിഎഫിനുമുള്ളത്. പാർലമെന്റിലെ പുരോഗമനാശയങ്ങളെ ഇരുവരും എതിർത്തു. മുത്വലാഖിനെ അവർ എതിർത്തിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post