ലഖ്‌നൗ : ലോക്സഭ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച ദിവസം തന്നെ ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് വൻ തിരിച്ചടി. അഖിലേഷ് യാദവിന്റെ പാർട്ടിയിൽ നിന്നും രണ്ട് മുൻ എംഎൽഎമാരും ജില്ലാ പ്രസിഡണ്ടുമാരും അടക്കമുള്ള നേതാക്കൾ രാജിവെച്ചു. രാജിവച്ച എല്ലാ നേതാക്കളും ബിജെപിയിൽ ചേർന്ന് അംഗത്വം സ്വീകരിച്ചു.
ഉത്തർപ്രദേശ് നിയമസഭയിലെ സമാജ് വാദി പാർട്ടി അംഗങ്ങൾ ആയിരുന്ന മധുസൂദൻ ശർമ, ജിതേന്ദ്ര വർമ്മ എന്നിവരും ആഗ്രയിൽ നിന്നുള്ള എട്ട് കൗൺസിലർമാരും ആണ് ബിജെപിയിൽ ചേർന്നത്. ഇവരോടൊപ്പം ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് ശൈലേന്ദ്ര ജദൗണും എന്നാൽ ബിജെപി അംഗത്വം സ്വീകരിച്ചു. കൂടാതെ ഉത്തർപ്രദേശിൽ നിന്നുള്ള മുൻ എംപി രാജ് ബബ്ബാറിന്റെ അടുത്ത അനുയായികളായ രണ്ട് കോൺഗ്രസ് നേതാക്കളും ഇന്ന് ബിജെപിയിൽ ചേർന്നിട്ടുണ്ട്.
ലഖ്‌നൗവിൽ വച്ച് ഉത്തർപ്രദേശ് ഉപമ മുഖ്യമന്ത്രി ബ്രജേഷ് പഥക് ആണ് പുതുതായി ബിജെപിയിലേക്ക് എത്തിയ എല്ലാ നേതാക്കൾക്കും പാർട്ടി അംഗത്വം നൽകിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉത്തർപ്രദേശിലെ കോൺഗ്രസിൽ നിന്നും എസ് പി, ബി എസ് പി എന്നീ പാർട്ടികളിൽ നിന്നുമുള്ള നിരവധി പ്രധാനപ്പെട്ട നേതാക്കളാണ് ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നത്.
Discussion about this post