തിരുവനന്തപുരം: സിനിമാ താരം അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ഇപ്പോൾ വെന്റിലേറ്ററിലാണ്. സ്‌കൂട്ടറിൽ പോകുന്നതിനിടെ കോവളത്ത് വച്ചായിരുന്നു അപകടമുണ്ടായത്.
സീരിയൽ താരം ഗോപിക അനിലാണ് അരുന്ധതിയുടെ അപകട വിവരം പുറത്തുവിട്ടത്. ചികിത്സാ സഹായം അഭ്യർത്ഥിച്ച് ഗോപിക സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
‘എന്റെ സുഹൃത്ത് അരുന്ധതി കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അവളിപ്പോൾ വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ദിവസവുമുള്ള ആശുപത്രി ചിലവുകൾ താങ്ങാവുന്നതിലും അപ്പുറമായി മാറിയിരിക്കുന്നു. ഞങ്ങളെ കൊണ്ട് സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ, ഇപ്പോഴത്തെ ആശുപത്രി ചിലവുകൾക്ക് അത് പ്രാപ്തമല്ല. അതിനാൽ തന്നെ നിങ്ങളെക്കൊണ്ട് കഴിയാവുന്ന സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. അത് അവളുടെ കുടുംബത്തിന് ഏറെ സഹായകമാകും’- ഗോപിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്.
തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അരുന്ധതി നായർ. തമിഴിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. വിജയ് ആന്റണിയുടെ സൈത്താനിലെ പ്രകടനമാണ് അരുന്ധതിയുടെ സിനാമാ ജീവിതത്തിൽ വഴിത്തിരിവായത്. ഷൈൻ ടോം ചാക്കോവിനൊപ്പം ഒറ്റക്കൊരു കാമുകൻ എന്ന ചിത്രത്തിലും അരുന്ധതി അഭിനയിച്ചിട്ടുണ്ട്.











