തിരുവനന്തപുരം : എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി ഡി സതീശന്റെ ആരോപണത്തെ ഇ പി ജയരാജൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. രാജീവ് ചന്ദ്രശേഖറിനെ താൻ പത്രത്തിലെ ഫോട്ടോയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിച്ചാൽ വി ഡി സതീശന് എല്ലാം എഴുതിത്തരാം എന്നും ഇ പി ജയരാജൻ വെല്ലുവിളിച്ചു.
രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ കമ്പനിയുമായി ഇ പി ജയരാജന്റെ വൈദേകം റിസോർട്ടിന് ബിസിനസ് കരാർ ഉണ്ടെന്നാണ് വി ഡി സതീശൻ ആരോപണം ഉന്നയിച്ചിരുന്നത്. എന്നാൽ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്നും താൻ വൈദേകം റിസോർട്ടിന്റെ അഡ്വൈസർ മാത്രമാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
തനിക്ക് യാതൊരു ബന്ധമോ പരിചയമോ ഇല്ലാത്ത ആളെ കുറിച്ചാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഇ പി ജയരാജൻ കുറ്റപ്പെടുത്തി. പത്രത്തിൽ വരുന്ന പടത്തിൽ മാത്രമാണ് താൻ രാജീവ് ചന്ദ്രശേഖർ എന്ന വ്യക്തിയെ കണ്ടിട്ടുള്ളത്. അങ്ങനെ ഒരാളുമായി എന്തിനാണ് എന്നെ ബന്ധിപ്പിക്കുന്നത്? എന്നും ഇ പി ജയരാജൻ ചോദ്യമുന്നയിച്ചു.
Discussion about this post