ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബൻസൂരി സ്വരാജ്. കെജ്രിവാൾ വിദ്യാ സമ്പന്നനാണ്. എന്നാൽ, നിയമത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ അറിവ് പൂജ്യമാണെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. മദ്യനയ അഴിമതി കേസിൽ ഒൻപതാം തവണയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിന് പിന്നാലെയാണ് ബൻസൂരി സ്വരാജിന്റെ പ്രതികരണം.
‘അരവിന്ദ് കെജ്രിവാൾ നല്ല വിദ്യാഭ്യാസമുള്ള വ്യക്തിയാണ്. എന്നാൽ, നിയമത്തിന്റെ കാര്യം വരുമ്പോൾ അദ്ദേഹത്തിന്റെ അറിവ് വട്ടപൂജ്യമാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണം മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ്. ഇതുമായി ബന്ധപ്പെട്ട് കെജ്രിവാളിനെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണ്.
100 കോടി രൂപയുടെ തട്ടിപ്പാണ് ആം ആദ്മി പാർട്ടി നേതാക്കൾ നടത്തിയിരിക്കുന്നത്. പാർട്ടി പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ പണം ഉപയോഗിച്ചിരിക്കുന്നത്. കെജ്രിവാളാണ് ഈ പാർട്ടിയുടെ നേതാവ് എന്നിരിക്കെ, അന്വേഷണങ്ങൾക്ക് മറുപടി പറയേണ്ടതിന്റെ ചുമതല അദ്ദേഹത്തിന് തന്നെയാണ്’- ബൻസൂരി സ്വരാജ് വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എപ്പോൾ സമൻസ് വന്നാലും അതിനെ മാനിക്കണമെന്നത് നിർബന്ധമാണ്. ഈ സമൻസുകളെ നിരസിക്കും തോറും 174 വകുപ്പ് പ്രകാരമുള്ള ഒരു പുതിയ കുറ്റം കെജ്രിവാൾ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ബൻസൂരി സ്വരാജ് കൂട്ടിച്ചേർത്തു.
Discussion about this post